ന്യൂഡല്‍ഹി: സൈന്യത്തെ അഞ്ചു തിയറ്റര്‍ കമാന്‍ഡുകളായി പുനഃസംഘടിപ്പിക്കുന്നു. പ്രത്യേക പ്രവര്‍ത്തനമേഖലകള്‍ നിശ്‌ചയിച്ച്, കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകും വിധത്തിലാണ് കമാന്‍ഡുകള്‍ ക്രമീകരിക്കുക. 2022ല്‍ ഇത് യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെയും ചൈനയുടെയും മാതൃകയില്‍ തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കാന്‍ സംയുക്‌ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചുമതലപ്പെടുത്തി.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികകാര്യ വകുപ്പില്‍ അഡീ. സെക്രട്ടറിമാരെയും ജോയിന്റ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തും.യുദ്ധസാഹചര്യങ്ങളില്‍ മൂന്നു സേനകളുടെയും വിഭവശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് തിയറ്റര്‍ കമാന്‍ഡുകളായി ക്രമീകരിക്കുന്നത് അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകത മൂലം നയതന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനും നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതിനും കാര്യക്ഷമമായ സൈനികവിന്യാസം നടത്തുന്നതിനും ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതു യാഥാര്‍ഥ്യമാകുന്നതോടെ മൂന്നു സേനകളും തിയറ്റര്‍ കമാന്‍ഡുകളുടെ കീഴിലായിമാറും. ചൈനയെയും പാകിസ്‌താനെയും നേരിടാനായി യഥാക്രമം വടക്കന്‍ കമാന്‍ഡും പടിഞ്ഞാറന്‍ കമാന്‍ഡും സൃഷ്‌ടിക്കും. ലഡാക്കിലെ കാറക്കോറം ചുരം മുതല്‍ അരുണാചല്‍ പ്രദേശിലെ കിബിതു വരെയുള്ള 3,425 കിലോമീറ്റര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരിക്കും വടക്കന്‍ കമാന്‍ഡ്. ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖ ഉള്‍പ്പെടുന്ന ഈ കമാന്‍ഡിന്റെ ആസ്‌ഥാനം ലഖ്‌നൗ ആയിരിക്കും.
സിയാച്ചിനിലെ ഇന്ദിര കോള്‍ മുതല്‍ ഗുജറാത്ത് മുനമ്പ് വരെയായിരിക്കും പടിഞ്ഞാറന്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന മേഖല. ജയ്‌പുര്‍ ആയിരിക്കും ഇതിന്റെ ആസ്‌ഥാനം. മൂന്നാമത്തെ കമാന്‍ഡ് ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയിലായിരിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇതെന്നാണു സൂചന. നാലാമത്തേത് വ്യോമ പ്രതിരോധ കമാന്‍ഡും അഞ്ചാമത്തേത് നാവിക കമാന്‍ഡുമായിരിക്കും.
നിലവിലെ സംവിധാനത്തില്‍ വിവിധ മേഖലകളിലായി ചിതറിക്കടക്കുകയാണ് മൂന്നു സേനാ വിഭാഗങ്ങളുടെയും പ്രത്യേക കമാന്‍ഡുകള്‍. ഇവ തമ്മില്‍ പലപ്പോഴും കൃത്യമായ ഏകോപനമില്ലാത്തത് നിര്‍ണായക നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാണ്. സൈനിക വിഭാഗങ്ങളുടെ വിഭവശേഷി അനാവശ്യമായി ദുര്‍വ്യയം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കാനും പരിഷ്‌കാരം ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments