COVID 19Latest NewsKeralaNews

ഉദയം പദ്ധതിക്ക് അംഗീകാരം നൽകാൻ നടപടിയുണ്ടാകും: മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട് : കോവിഡ് വ്യാപിച്ചതിനെ തുടർന്നുണ്ടായ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായ തെരുവിൽ കഴിയുന്നവർക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഉദയം പുനരധിവാസപദ്ധതിക്ക് സർക്കാർ അംഗീകാരത്തിനായി നടപടി സ്വീകരിക്കുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, എന്നിവ സംബന്ധിച്ച് ഓൺലൈനായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും സന്നിഹിതനായിരുന്നു.

ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ജൂനിയർ ഡോക്ടർമാരെയായിരുന്നു ആദ്യ ഘട്ടത്തിൽ കോവിഡ് ചികിത്സാരംഗത്ത് നിയമിച്ചിരുന്നത്. രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ഡോക്ടർമാരെ ആവശ്യമുള്ളതായും വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. കോവിഡ് പരിശോധനകൾക്കും എഫ്എൽടിസി കളിലെ ചികിത്സക്കുമായി ഡോക്ടർമാരെ കൂടുതലായി ആവശ്യമുള്ളതിനാൽ ഫാമിലി ഹെൽത്ത് സെന്ററുകളിലെ ഈവനിംഗ് ഒ.പി യിലെ ഡോക്ടർമാരെ എഫ്എൽടി സി, എസ്എൽടിസി കളിലേക്ക് നിയോഗിക്കും. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ചികിത്സക്ക് ആവശ്യമായ ഐസിയു സൗകര്യങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനായി പ്രത്യേക യോഗം ചേരും.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.എം. എസ്.എസ്.വൈ പദ്ധതിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി നവംബർ ഒന്നിന് തന്നെ ഉദ്‌ഘാടനം നിർവഹിക്കും. നിലവിലെ സാഹചര്യത്തിൽ കെട്ടിടം കോവിഡ് ചികിത്സാ കേന്ദ്രമായാണ് പ്രവർത്തിക്കുക. മാവൂർ തെങ്ങിലക്കടവിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള കെട്ടിടം നവീകരിച്ചു കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. കാൻസർ കെയർ സെന്ററിനായി സ്വകാര്യ വ്യക്തികൾ വിട്ടുകൊടുത്ത ഈ കെട്ടിടവും അനുബന്ധ ഭൂമിയും പിന്നീട് കാൻസർ ചികിത്സാസംബന്ധമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തും. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

തെരുവുകളിൽ നിന്ന് കണ്ടെത്തി താൽക്കാലിക കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിരിക്കുന്നവർക്ക് തുടർ ചെലവുകൾക്കായി പണം സ്പോൺസർഷിപ്പിലൂടെ സമാഹരിക്കാൻ തീരുമാനമായി. ഇതിനായി ജില്ലാ കലക്ടർ ചെയർമാനായി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കും. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സഹായം തേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button