റിയാദ്: ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലുമെന്ന് സൗദി കിരീടാവകാശി. സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ സ്വന്തം ജനതയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് റിപോര്‍ട്ട് ചെയ്തു. ഇസ്രായേലി അമേരിക്കന്‍ ശതകോടീശ്വരനായ ഹൈം സബാനെ ഉദ്ധരിച്ചാണ് ഹാരെറ്റ്സിന്റെ റിപ്പോര്‍ട്ട്.
Read Also: പ്രസിഡന്റ് തെരഞ്ഞടുപ്പിന് ഇനി 9 ദിവസം മാത്രം; വോട്ട് രേഖപ്പെടുത്തി ട്രംപ്
ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇറാനാലോ ഖത്തറിനാലോ തന്റെ രാജ്യത്തെ ജനങ്ങളാലോ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് എംബിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന ബിന്‍ സല്മാന് പറഞ്ഞതായി സബാന് പ്രസ്താവിച്ചു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനു വേണ്ടി ‘ബൈഡന് വൈറ്റ് ഹൗസിലെത്തിയാലുള്ള ഇസ്രായേലിന്റെ സുരക്ഷയും സമൃദ്ധിയും’ എന്ന തലക്കെട്ടില്‍ ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ കാംപയിനിങ്ങിനിടെയാണ് സബാന് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ വെച്ച് അബ്രഹാം ഉടമ്പടി ഒപ്പിടുമ്പോള്‍ ചടങ്ങില്‍ സന്നിഹിതനായ അപൂര്‍വം ഡമോക്രാറ്റുകളില്‍ ഒരാളായിരുന്നു സബാന്. വരും മാസങ്ങളില്‍ ഇസ്രയേലുമായുള്ള അടുത്ത ബന്ധത്തിന് സൗദി അറേബ്യയും സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സുഡാന്ഇസ്രായേല് ബന്ധത്തിന് അനുകൂലമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
Post Your Comments