ആലപ്പുഴ : ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ (21) മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ ശീതീകരണിയുടെ കംപ്രസറുകള്‍ ഊരിമാറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ വള്ളിക്കുന്നം പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്നോടിയായി കോവിഡ് പരിശോധന ഫലം ലഭ്യമാകേണ്ടതുകൊണ്ടാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഫലം ലഭ്യമായതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇത്തരത്തില്‍ നിരുത്തരവാധപരമായി നീചമായി പെരുമാറിയ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Post Your Comments