KeralaLatest NewsNews

വാളയാറിലെ ആദിവാസി ഊരില്‍ 5 ആദിവാസികള്‍ വിഷപദാര്‍ത്ഥം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വാളയാറില്‍ ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 ആദിവാസികള്‍ വിഷപദാര്‍ത്ഥം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം അതീവ ഗൗരവത്തോടെ കാണാതെ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. വാളയാറില്‍ അഞ്ച് ആദിവാസികള്‍ മരിച്ചതിന് കാരണം വിഷമദ്യം കഴിച്ചാണോ അതോ വ്യാവസായിക സ്പിരിറ്റ് കഴിച്ചാണോ എന്നതിനെക്കുറിച്ച് ഒരു നിഗമനത്തിലെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അഞ്ച് ആദിവാസികളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന്‍റെ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read also: ലോക്ക്ഡൗണിനെ തുടർന്ന് റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക യാത്രക്കാർക്ക് റീഫണ്ട് നൽകണമെന്ന സുപ്രീംകോടതി വിധി വിമാനകമ്പനികൾ പാലിക്കുക : നവയുഗം

അഞ്ച് ആദിവാസികളുടെ ദുരൂഹമായ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ ശാസ്ത്രീയമായ അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും എം.പി ആരോപിച്ചു. മരണപ്പെട്ടവര്‍ ആദിവാസികളായതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തണുപ്പന്‍ നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.കേരളത്തിലെ പട്ടികജാതി സങ്കേതങ്ങളിലും, ആദിവാസി ഊരുകളിലും വ്യാജമദ്യവും സ്പിരിറ്റും ഒഴുകുകയാണ്. ഇത് ഫലപ്രദമായി തടയാന്‍ പോലീസിനോ എക്സൈസിനോ കഴിയുന്നില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് വാളയാറില്‍ 5 ആദിവാസികള്‍ വിഷദ്രാവകം കഴിച്ച് മരണമടഞ്ഞതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ദളിതരും ആദിവാസികളും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന സംഭവമാണ് വാളയാറില്‍ഉണ്ടായ അഞ്ച് ആദിവാസികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം. കേരളത്തിലും ഉത്തര്‍പ്രദേശിന് സമാനമായ സാഹചര്യമാണ് ദളിതരും ആദിവാസികളും നേരിടുന്നതെന്ന് എം.പി ആരോപിച്ചു.

Read also: സിസ്റ്റര്‍ അഭയയുടെ മരണം : ഏറ്റവും സുപ്രധാന മൊഴി

കേരളത്തിന്‍റെ ചരിത്രത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് ദളിതരും ആദിവാസികളും ഏറ്റവും കൂടുതല്‍ പീഢനങ്ങളും കൊലപാതകങ്ങളും നേരിടേണ്ടി വന്നിട്ടുള്ളത്. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന കൊടിയ അവഗണനയുടെ ഫലമാണ് വാളയാറിലെ ആദിവാസികളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണമെന്നും എം.പി പറഞ്ഞു. വാളയാര്‍ കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 ആദിവാസികള്‍ വിഷമദ്യം കഴിച്ച് മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. മരണപ്പെട്ടവരുടെ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button