തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് തന്നെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കോടതി അത്യാവശ്യമായി ഹര്‍ജി കേള്‍ക്കണം എന്ന് അഭിഭാഷകന്‍ വീണ്ടും പറഞ്ഞതോടെ ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കുന്നതാണ് അന്വേഷണ സംഘങ്ങളുടെ കീഴ്വഴക്കം. ശിവശങ്കറിന്റെ ഈ നീക്കങ്ങള്‍ക്ക് തടയിടാന്‍ കസ്റ്റംസ് എന്തു ചെയ്യുമെന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം.
ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസും. ശിവശങ്കറിന് ചികിത്സ തുടരണോയെന്നു നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ചേരും. നടുവിനും കഴുത്തിനും വേദനയെന്നു പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ കാണാത്തതിനാല്‍ വിശ്രമം നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. തീവ്ര പരിചണവിഭാഗത്തില്‍ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ അറസ്റ്റാണ് കസ്റ്റംസിന്റെ ലക്ഷ്യമെങ്കില്‍ അതിന് തടസമുണ്ടാകില്ല.
Post Your Comments