ഐസ്വാള്‍: അസം – മിസോറം അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. അതിർത്തി സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച (ഒക്ടോബർ-18) ഉണ്ടായ സംഘര്‍ഷ സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അസം- മിസോറം സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റിരുന്നു. മിസോറമിലെ കോലാസിബ് ജില്ലയും ആസാമിലെ കാചാർ ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. മിസോറമിലെ വൈരെംഗ്തേ, അസാമിലെ ലൈലാപുർ ഗ്രാമങ്ങൾക്കും സമീപമായിരുന്നു സംഘർഷം.
Read Also: അസ്സം-മിസോറാം സംഘർഷം; പ്രധാനമന്ത്രി ഇടപെടുന്നു
ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങളെ ഇവിടെ മിസോറം സർക്കാർ വിന്യസിച്ചു. മിസോറമിലെ കോലാസിബ് ജില്ലയിലാണു വൈരെംഗ്തേ. അസാമിനെ മിസോറമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 കടന്നുപോകുന്നത് മിസോറമിന്റെ വടക്കേയറ്റമായ വൈരെംഗ്തേയിലൂടെയാണ്. ഇതിന്റെ തൊട്ടടുത്ത ഗ്രാമമാണ് അസാമിലെ ലൈലാപുർ.
ഇരു സംസ്ഥാനങ്ങളിലെയും അതിർത്തിയിൽ താമസിക്കുന്ന 80 ശതമാനത്തിലേറെ പേർ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് മിസോറമിലെ ഭരണകക്ഷിയായ എംഎൻഎഫിന്റെ എംഎൽഎ ലാൽറിന്റുവാംഗ സൈലോ കുറ്റപ്പെടുത്തി. നിലവിൽ ഡെപ്യൂട്ടി സ്പീക്കറടക്കം എംഎൻഎഫിന്റെ 11 എംഎൽഎമാർ വൈരെഗ്തേയിൽ ക്യാമ്പ് ചെയ്യുകയാണ്.
Post Your Comments