വാഷിംഗ്ടണ്‍ ഡി.സി: വിവാദങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് എന്നും കൂട്ടാണ്. ഏറ്റവുമൊടുവിലേത് മിനസോട്ടയില്‍ നിന്നുളള അമേരിക്കന്‍ ജനപ്രതിനിയായ ഇല്‍ഹാന്‍ ഒമറിനെതിരായ പരാമര്‍ശമാണ് . അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളോറിഡയിലെ ഒകാലയില്‍ നടന്ന റാലിയിലാണ് ഇല്‍ഹാന്‍ ഒമറിനെതിരെ ട്രംപ് ആഞ്ഞടിച്ചത്. ഇല്‍ഹാനെ കുറിച്ച് ഫ്ളോറിഡയില്‍ ട്രംപ് പറഞ്ഞത് ഇങ്ങനെ:
‘നമ്മുടെ രാജ്യത്തെ അവര്‍ എതിര്‍ക്കുന്നു. ഒരു സര്‍ക്കാര്‍ പോലുമില്ലാത്തയിടത്ത് നിന്നും നിയമവിരുദ്ധമായി ഇവിടെ കുടിയേറിയവരാണ് ഇല്‍ഹാന്‍ ഒമര്‍. അതിന് ശേഷം സര്‍ക്കാര്‍ എങ്ങനെ ഭരിക്കണമെന്ന് നമ്മെ പറഞ്ഞ് പഠിപ്പിക്കുകയാണ് അവര്‍.’ ഇല്‍ഹാനെതിരെ നിയമവകുപ്പ് വിശദമായി അന്വേഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സൊമാലിയയില്‍ ജനിച്ച ഇല്‍ഹാന്‍ ഒമര്‍ രാജ്യത്തെ ആഭ്യന്തര കലാപത്തെ തുടര്‍ന്നാണ് 1995ല്‍ തന്റെ 12ആമത്തെ വയസില്‍ പലായനം ചെയ്ത് അമേരിക്കയിലെത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്തെ പൗരത്വം ഇല്‍ഹാന്‍ ലഭിച്ചു. 2018ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൊമാലി അമേരിക്കന്‍ വനിതയാണ് ഇല്‍ഹാന്‍.
അമേരിക്കയിലെ യാഥാസ്ഥിതിക മാദ്ധ്യമങ്ങള്‍ ഇല്‍ഹാന്റെ ഭര്‍ത്താവ് സ്വന്തം സഹോദരന് തന്നെയാണെന്നും കുടിയേറ്റ കടമ്പകള്‍ മറികടക്കാനാണ് അങ്ങനെ ചെയ്തതെന്നും കഥകള്‍ പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല സ്വന്തം സഹോദരങ്ങളെയും ഇല്‍ഹാന്‍ തിരിച്ചറിയാനായില്ലെന്നും പറഞ്ഞിരുന്നു. ഈ വാദങ്ങളെയെല്ലാം ഇല്‍ഹാന്‍ ശക്തമായി തളളിക്കളഞ്ഞിരുന്നു.
Post Your Comments