COVID 19KeralaLatest NewsNews

ശബരിമലനട ഇന്ന് തുറക്കും ; തീര്‍ത്ഥാടകര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പത്തനംതിട്ട: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന ശബരിമല തുലമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക.

Read Also : ഹാഥ്‌റസ് ഇരയുടേതെന്ന പേരില്‍ ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നു ; പരാതിയുമായി യുവാവ്

വെര്‍ച്വല്‍ ക്യൂവഴി ബുക്കുചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതി നല്‍കുന്നത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും നടക്കും. ശനിയാഴ്ച രാവിലെ 8ന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും. –

പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി പതിവുപോലെ സര്‍വീസുകള്‍ നടത്തും. 30ല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയാല്‍ മാത്രം അധിക ബസ് സര്‍വീസ് ഉണ്ടാകൂ. നിലയ്ക്കല്‍- പമ്ബ ചെയിന്‍ സര്‍വീസ് ഉണ്ടാകില്ല.

അയപ്പ ഭക്തരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തിവിടും. പമ്ബയില്‍ തീര്‍ത്ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്കുചെയ്യണം.

നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലകയറുമ്ബോള്‍ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ഒരു പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചു. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ചെയ്ത 250 ഭക്തര്‍ക്കാണ് ഒരുദിവസം ദര്‍ശനം അനുവദിക്കുന്നത്. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് ചെയ്യുമ്ബോള്‍ അനുവദിക്കുന്ന സമയത്തുതന്നെ ഭക്തര്‍ എത്തണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ശബരിമല ദര്‍ശനത്തിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്വന്തം ചെലവില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ സൗകര്യമുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. ഭക്തര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. യാത്രയില്‍ ഉടനീളം സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം. കൈയില്‍ കരുതിയിരിക്കുന്നതൊന്നും വഴിയില്‍ ഉപേക്ഷിക്കരുത്.

അയ്യപ്പ ഭക്തരെ പമ്ബയില്‍ സ്നാനം ചെയ്യാന്‍ ഇത്തവണ അനുവദിക്കില്ല. പകരം ഷവര്‍ സജ്ജമാക്കിയിട്ടുണ്ട്. മാളികപ്പുറങ്ങള്‍ക്ക് പ്രത്യേക കുളിമുറിയുമുണ്ട്. 150 ശൗചാലയങ്ങളാണ് പമ്ബയില്‍ സജ്ജമാക്കിയിട്ടുള്ളത്. ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡുവഴിയാകും യാത്ര. പമ്ബ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഇല്ല. വെര്‍ച്വല്‍ക്യൂ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പൊലീസ് കൗണ്ടറില്‍ പരിശോധിക്കും. മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രമേ അനുവദിക്കൂ. മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്ക് എത്താം.

പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാന്‍ സൗകര്യം. പതിനെട്ടാംപടിയില്‍ സേവനത്തിന് പൊലീസ് ഉണ്ടാകില്ല. കൊടിമരച്ചുവട്ടില്‍നിന്ന്‌ ഫ്ലൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ്‌ത്തേങ്ങാ സ്വീകരിക്കാന്‍ കൗണ്ടറുണ്ടാകും. സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേ നടവഴി വരുമ്ബോള്‍ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍ ലഭിക്കും. സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button