ഹൈദരാബാദ് : തെലങ്കാനയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 50 പേർക്ക് ജീവൻ നഷ്ടമായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്.
കനത്ത മഴയെ തുടർന്ന് ഹൈദരാബാദുൾപ്പെടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. 11 മരണങ്ങളാണ് ഹൈദരാബാദിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 114 കോളനികളിലായി 20,540 ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
തെലങ്കാനയിൽ ഇതുവരെ 5,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് സർക്കാർ കണക്കാക്കുന്നത്. 7.35 ലക്ഷം ഏക്കറോളം കൃഷി നശിച്ചു. കർഷകർക്ക് മാത്രം 2000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ പൂർണ്ണമായും തകർന്നു.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ വീടുകൾ പൂർണ്ണമായും നഷ്ടമായവർക്ക് സർക്കാർ പുതിയ വീടുവെച്ചു നൽകും. ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.
Post Your Comments