കോട്ടയം : രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുള്ള ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവുമുണ്ടായത് . ധാര്‍മികത ഉയര്‍ത്തിപിടിച്ചാണ് രാജിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടായത്. വര്‍ഗീയ പശ്ചാത്തലത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു
Also read : രാജ്യം ഭരിക്കുന്നത് മറന്നേക്കൂ, പ്രതിപക്ഷത്ത് പോലും എക്കാലവും കോണ്‍ഗ്രസ് ഉണ്ടാകില്ല: ഖുശ്ബു
യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് മുതല്‍ ഇന്ന് വരെ കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫിനെ കെട്ടിപൊക്കിയത് കെ.എം മാണിയാണ്. 38 വര്‍ഷം ഉയര്‍ച്ചയിലും താഴ്ചയിലും യു.ഡി.എഫിന് ഒപ്പമാണ് കേരള കോണ്‍ഗ്രസ് നിന്നത്. കെ.എം മാണിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് യു.ഡി.എഫ് അപമാനിച്ചത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിനെ ചതിച്ചു. ഞങ്ങളുടെ എം.എല്‍.എമാര്‍ നിയമസഭയില്‍ അപമാനിക്കപ്പെട്ടു. ഒരു പരാതിയും ഞങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൊടുത്ത ഒരു പരാതികളും യു.ഡി.എഫ് പരിഗണിച്ചില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
വെറും പഞ്ചായത്തിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയത്. പഞ്ചായത്ത് അധികാരത്തിന്റെ പേരില്‍ ചരിത്രത്തിലിതുവരെ ഒരു രാഷ്ട്രിയ പ്രസ്ഥാനത്തെയും ഒരു മുന്നണിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. 38 വര്‍ഷം ഒപ്പം നിന്ന മുന്നണിയില്‍ നിന്നുമാണ് കേരളകോൺഗ്രസിനെ പുറത്താക്കിയത്. 2016ല്‍ ചരല്‍കുന്നില്‍ വച്ച് യുഡിഎഫ് വിടാനുള്ള തീരുമാനം സ്വീകരിക്കാനുണ്ടായ കാരണം എല്ലാവര്ക്കും അറിയാവുന്നതാണ്, അവര്‍ക്ക് ഇപ്പോള്‍ മാണിസാറിനോട് വലിയ സ്നേഹപ്രകടനമാണ്. ഞങ്ങളെ പുറത്താക്കിയപ്പോള്‍ അതുണ്ടായില്ല. ഞങ്ങളെ തിരികെ കൊണ്ടുവരാന്‍ എവിടെയെങ്കിലും ചര്‍ച്ച നടന്നോ. അവിശ്വാസം കൊണ്ടുവന്നപ്പോള്‍ ഞങ്ങളുടെ എംഎല്‍എമാരോട് അതിനെക്കുറിച്ച് ബന്ധപ്പെട്ടില്ല. മാണിസാറിന്റെ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ വ്യക്തമായ അജന്‍ഡയുണ്ട്. ആ അജന്‍ഡയുടെ മുന്പില് അടിയറവ് വയ്ക്കാന്‍ ഈ പാര്‍ട്ടിക്ക് സാധിക്കില്ല. ആത്മാഭിമാനം പണയംവച്ച് മുന്പോട്ട് പോകാന്‍ പറ്റില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
Post Your Comments