Latest NewsEuropeInternational

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

യൂറോപ്പിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യങ്ങള്‍. ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. യൂറോപ്പിൽ കഴിഞ്ഞ ആഴ്ച ഏഴ് ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മുൻ ആഴ്ചകളേക്കാൾ 34 ശതമാനം വർധനവുണ്ടായി. ഒരു പരിധി വരെ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതുകൊണ്ടാണിത്. എന്നാല്‍ മരണ നിരക്കും കൂടുന്നത് ഗൗരവമായി കാണണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. മരണ നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്നു. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്.

പുതിയ രോഗികളില്‍ കൂടുതലും യുവാക്കളാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവരില്‍ പലര്‍ക്കും വലിയ ലക്ഷണങ്ങളില്ല. അതിനാല്‍ വൈറസ് ബാധിച്ച ഇവര്‍ പുറത്തിറങ്ങി നടക്കുന്നത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്. ഫ്രാൻസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനൊപ്പം 9 നഗരങ്ങളിൽ രാത്രി നിരോധനാജ്ഞയും നിലവില്‍ വന്നു. ബ്രിട്ടന്‍ രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച് മൂന്ന് തലങ്ങളിലായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

സമ്പൂര്‍ണ ലോക്ക്ഡൌണിന് പിന്നാലെ സമ്പദ് വ്യവസ്ഥ താറുമാറാവുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തതിനാലാണ് രോഗവ്യാപന തോത് അനുസരിച്ച് പല തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. ഇറ്റലി പോലുള്ള രാജ്യങ്ങള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഇപ്പോഴാണ്. ഇന്ത്യ അടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളും മാസ്ക് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരമാവധി സാമൂഹ്യ അകലം പാലിക്കണമെന്നാണ് പോളണ്ട് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button