മുംബൈ: റേറ്റിംഗ് കൂട്ടുന്നതിന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യാ ടുഡേ, റിപബ്ലിക് ടിവി തുടങ്ങി അഞ്ചിലധികം ചാനലുകളുടെ തട്ടിപ്പ് വിവാദമായതിന് പിന്നാലെയാണ് പുതിയ തീരുമാനം. ടിആര്‍പി റേറ്റിങ്ങിനായി ഈ ചാനലുകള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആഴ്ച്ചതോറും റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാര്‍ക് നിര്‍ത്തിവെച്ചത്. മൂന്നു മാസത്തേക്കാണ് ഈ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
ഹിന്ദി, പ്രാദേശിക ഭാഷ, ബിസിനസ് ന്യൂസ്, ഇംഗ്ലീഷ് ന്യൂസ് ചാനലുകള്‍ക്കെല്ലാം ഈ തീരുമാനം ബാധിക്കും. ഈ മൂന്നു മാസത്തിനുള്ളില്‍ റേറ്റിങ് പരിശോധനയുടെ കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള നീക്കമാണ് ബാര്‍ക്ക് നടത്തുന്നത്. കൂടുതല്‍ ഇടങ്ങളിലേക്ക് ടിആര്‍പി പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രേക്ഷകരുടെ എണ്ണം അളക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നല്‍കി ടിആര്‍പി അട്ടിമറിക്കുന്നുവെന്ന് ബാര്‍ക്ക് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ബാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വാസ്യത തിരിച്ചു പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബാര്‍ക്ക് അറിയിച്ചു.
Post Your Comments