ന്യൂഡൽഹി: കോവിഡ് കാലത്തെ അനുഭവങ്ങളും രോഗത്തെ തോൽപ്പിച്ച രഹസ്യങ്ങളും വെളിപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പരമ്പരാഗത ഭക്ഷണവും ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവുമാണ് ഈ പ്രായത്തിലും കാെറോണയെ അതിജീവിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നടത്തവും യോഗയും വ്യായാമവും കൊറാേണയെ അതിജീവിക്കാൻ സഹായിക്കുമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ അദ്ദഹം പറഞ്ഞു. രോഗബാധിതരായ നിരവധി പേർക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഉപരാഷ്ട്രപതിയുടെ വാക്കുകൾ.
Read Also : രാജ്യത്തെ ആദ്യ സർക്കാർ വാട്ടർ ടാക്‌സി ഉദ്ഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ അലട്ടിയിട്ടും ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും കൊണ്ട് തിരിച്ചുവരുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നതായി വെങ്കയ്യ നായിഡു പറഞ്ഞു. ജംഗ് ഫുഡുകളിൽ നിന്ന് മാറി നിൽക്കണമെന്നും പോഷക സമൃദ്ധമായ പരമ്പരാഗത ഭക്ഷണങ്ങളാണ് ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗത്തിന്റെ ഒരു ഘട്ടത്തിലും തളരാൻ പാടില്ല. കാെറോണ വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ക്രിയാത്മകമായ നടപടികൾ പിന്തുടരുന്നുണ്ട്.
മാസ്ക് ധരിക്കുകയും കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയുമാണ് വെെറസിനെ അകറ്റി നിർത്താൻ അടിയന്തരമായി ചെയ്യേണ്ടതെന്നും ഉപരാഷ്ട്രപതി
ഓർമ്മിപ്പിച്ചു.
പ്രഭാത നടത്തത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ഫേസ്ബുക്കിൽ കൊറോണക്കാലത്തെ അനുഭവം ഉപരാഷ്ട്രപതി പങ്കുവെച്ചത്. കുറച്ച് ദിവസങ്ങൾ കൂടി വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിജയദശമിക്ക് ശേഷം മാത്രമേ പൊതുപരിപാടികളിൽ പങ്കെടുക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments