![](/wp-content/uploads/2020/10/14as16.jpg)
മധുര : മദ്യലഹരിയിൽ നിരവധി ബൈക്കുകളും സൈക്കിളുകളും കത്തിച്ചതിനെ തുടർന്ന് ഉണ്ടായ തീയിൽ ഒരാൾ കൊല്ലപ്പെട്ടു. തമിഴ്നാട് തൂത്തുക്കുടി ക്ലിയോപാട്ര തീയേറ്ററിന് സമീപം താമസിക്കുന്ന എൻ. അണ്ണാമലൈ(42)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അണ്ണാമലൈയുടെ മകൻ നിധിനെ(എട്ട്) തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിയ ആന്റണി ദിനേശ് മെൻഡിസ്(46) എന്നയാളാണ് ചൊവ്വാഴ്ച പുലർച്ചെയോടെ ബൈക്കുകൾക്ക് തീവെച്ചത്. മദ്യലഹരിയിൽ അണ്ണാമലൈയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന ബൈക്കുകൾക്കും സൈക്കിളുകൾക്കുമാണ് ഇയാൾ തീയിട്ടത്. പത്ത് ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. ബൈക്കിൽനിന്ന് തീ വീട്ടിലേക്കും പടരുകയായിരുന്നു. ഉറങ്ങുകയായിരുന്ന അണ്ണാമലൈയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു.
സ്ഥിരം മദ്യപാനിയായ മെൻഡിസിനും അണ്ണാമലൈയ്ക്കും സൗത്ത് കോട്ടൺ റോഡിൽ വീടുകളുണ്ട്. ഇവിടെ താമസിക്കുന്ന അണ്ണാമലൈയുടെ വാടകക്കാരുമായി മെൻഡിസ് വഴക്കിടുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ മെൻഡിസ് അണ്ണാമലൈയുടെ വീട്ടിലെത്തി വഴക്കിട്ടു. പിന്നാലെ ബൈക്കുകൾക്ക് തീയിടുകയായിരുന്നു. തീവെച്ച ശേഷം രക്ഷപ്പെട്ട മെൻഡിസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
Post Your Comments