ന്യൂഡൽഹി : സോഷ്യൽ മീഡിയയിലൂടെ വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത്. സൈബർ ആർമികളെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ നേരിടുന്നത് രാജ്യത്തിന് നാണക്കേടാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവ സേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റാവത്തിന്റെ വിമർശനം.
സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിവിജയിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ഗീബൽസിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വിഷ പ്രചാരണങ്ങളാണ് അന്ന് നടന്നത്. യഥാർത്ഥ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശിവസേനക്ക് സംവിധാനമുണ്ടെന്ന കാര്യം മറക്കേണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മുംബൈ പൊലീസിനെതിരെ മാത്രം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഏകദേശം 80,000ത്തോളം അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. വ്യാജന്മാരെ നിയന്ത്രിക്കാൻ അമിത് ഷാ സ്വന്തം പാർട്ടിയിൽ നിന്ന് വേണം ആദ്യം തുടങ്ങേണ്ടതെന്നും റാവത്ത് പരിഹസിച്ചു.
Post Your Comments