ഹത്രാസ് (യു.പി.): ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി തന്റെ സുഹൃത്തായിരുന്നെന്നും താനടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കൂട്ടമാനഭംഗക്കേസില്‍ ജയിലിലായ മുഖ്യപ്രതി സന്ദീപ് താക്കൂറിന്റെ കത്ത്. അമ്മയും സഹോദരന്മാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നാണു വിവരമെന്നും റിമാന്‍ഡില്‍ കഴിയുന്ന മറ്റു മൂന്നുപേരുടെയും വിരലടയാളങ്ങള്‍ പതിപ്പിച്ച കത്തില്‍ സന്ദീപ് പറയുന്നു. ഉത്തര്‍പ്രദേശ് പോലീസിനു തന്നെയാണ് പ്രതി കത്തയച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിനു പ്രതികളിലൊരാളെ നന്നായി അറിയാമെന്നു പോലീസ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനും സന്ദീപും തമ്മില്‍ കഴിഞ്ഞ ഒക്‌ടോബറിനും മാര്‍ച്ചിനുമിടെ 104 തവണ ഫോണില്‍ സംസാരിച്ചെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പെണ്‍കുട്ടിയെ കാണാറുണ്ടായിരുന്നെന്നും ഫോണില്‍ സംസാരിക്കുമായിരുന്നെന്നും അലിഗഡ് ജയിലില്‍നിന്നു ഹത്രാസ് എസ്.പിക്കയച്ച കത്തില്‍ സന്ദീപ് പറയുന്നു.
ഈ സൗഹൃദം പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇഷ്‌ടമായിരുന്നില്ല. സംഭവദിവസവും അവളെ കാണാനായി പാടത്തേക്കു പോയിരുന്നു. അവളുടെ അമ്മയും സഹോദരന്മാരും അവിടെയുണ്ടായിരുന്നു. പെണ്‍കുട്ടി ആവശ്യപ്പെട്ടതിനാല്‍ താന്‍ വീട്ടിലേക്കു മടങ്ങി. തുടര്‍ന്ന് സഹോദരന്മാരും അമ്മയും ചേര്‍ന്ന് അവളെ തല്ലിച്ചതച്ചെന്നാണ് പറഞ്ഞുകേട്ടത്.തനിക്കും മറ്റു പ്രതികള്‍ക്കുമെതിരേ പെണ്‍കുട്ടിയുടെ കുടുംബം തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തങ്ങള്‍ നിരപരാധികളാണ്.
അന്വേഷിച്ച് നീതി നേടിത്തരണമെന്നും സന്ദീപ് കത്തിലൂടെ പോലീസിനോടഭ്യര്‍ഥിച്ചു.കഴിഞ്ഞ 14-നാണ് നട്ടെല്ലിനു ഗുരുതര പരുക്കേറ്റും നാവിനു സാരമായ മുറിവേല്‍ക്കുകയും ചെയ്‌ത നിലയില്‍ പെണ്‍കുട്ടിയെ അലിഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായെന്നും മറ്റും ആരോപിച്ചു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന സംഘം ഇവിടെ പോയതും വിവാദത്തിലായിരിക്കുകയാണ്.
read also: ‘ഐഎസ് ഭീകര സംഘടനയിലേക്ക് ചേർന്നവരിൽ ഏറ്റവും വലിയ സംഘം കേരളത്തില്‍ നിന്ന്’- എൻഐഎ
കേസ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐക്കു വിടണം എന്ന ആവശ്യവുമായി പൊതുതാല്‍പ്പര്യ ഹര്‍ജിക്കുള്ള മറുപടിയായി യു.പി. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മൃതദേഹം രാത്രിയില്‍ ദഹിപ്പിച്ച പോലീസ് നടപടിയും സംഭവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നിരവധിപേര്‍ക്കെതിരേ കേസെടുത്തതും വിവാദമായി തുടരുകയാണ്.
പ്രതികള്‍ക്കും പോലീസ് ഉദ്യോഗസ്‌ഥര്‍ക്കുമൊപ്പം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണപരിശോധനയ്‌ക്കു വിധേയരാക്കാനുള്ള തീരുമാനവും വിവാദമായി. പരിശോധനയ്‌ക്കു പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ വിസമ്മതമറിയിച്ചു.
Post Your Comments