മുംബൈ: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്. റിപ്പബ്ലിക് ടിവി ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ക്കാണ് (സിഎഫ്ഒ) മുംബൈ പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണവിധേയമായ മറ്റ് രണ്ട് ചാനലുകളുടെ അക്കൗണ്ടന്റുമാരെയും രണ്ട് പരസ്യ ഏജന്‍സികളില്‍ നിന്നുള്ളവരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയാണ് ആരോപണവിധേയമായ മറ്റ് രണ്ട് ചാനല്‍.
ടിആര്‍പി ക ണക്കാക്കാന് മുപ്പതിനായിരത്തിലധികം ബാരോമീറ്ററുകളാണ് രാജ്യത്താകെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകള് മുംബൈയിലാണ്. ബാരോമീറ്ററുകള് സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കും. എന്നാൽ ബാരോ മീറ്ററുകള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന ഹൻസ എന്ന ഏജൻസിയിലെ മുൻ ജീവനക്കാരൻ എവിടെയൊക്കെയാണു ബാരോമീറ്ററുകള് സ്ഥാപിച്ചിരിക്കുന്നതെന്ന് ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ബാരോമീറ്ററുകള് സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാര്‍ക്ക് ആരോപണവിധേയരായ സ്ഥാപനങ്ങള്‍ പണം നല്‍കിയിരുന്നതായി പോലീസ് പറയുന്നു. ചേരികളിലും മറ്റും മാസം 400 – 500 രൂപ നല്കി റിപ്പബ്ലിക് ടിവി, റിപ്പബ്ലിക് ഭാരത് (ഹിന്ദി) ചാനലുകള്‍ 24 മണിക്കൂറും ഓണ്‍ ആക്കി വച്ച് റേറ്റിംഗ് കൂട്ടുന്നതായി കണ്ടെത്തി. ഇതോടെയാണ് നടപടി.
Post Your Comments