KeralaLatest NewsNews

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ; കസ്റ്റംസ് ടി.വി അനുപമയുടെ മൊഴിയെടുത്തു

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമയുടെ മൊഴി. സംസ്ഥാനത്തേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തില്‍ യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്നും നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്ന കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ അനുപമ പറയുന്നു.

2017 മേയ് 26നാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴിയായിരുന്നു ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. 17000 കിലോ ഈന്തപ്പഴം കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തെങ്കിലും ഇത് മുഴുവന്‍ എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സാമൂഹിക നീതി വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും മേധാവികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഈന്തപ്പഴം ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നതിന്റെ വിവരങ്ങള്‍ ലഭിച്ച പിന്നാലെയാണ് ടി.വി അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്.

അതേസമയം കൊച്ചി തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നേരിട്ടെത്തിയെന്നും സെക്രട്ടേറിയറ്റിലെ ഉന്നതര്‍ക്കും തലസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്വപ്ന ഈന്തപ്പഴം വിതരണം ചെയ്തതും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button