ഇടുക്കി: അടിമാലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് നാലു സ്ത്രീകളടക്കം ഏഴു പേര്‍ കസ്റ്റഡിയില്‍. മാനേജരടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അടിമാലി കൂമ്പന്‍പാറക്ക് സമീപമുള്ള ഹോംസ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നിര്‍ദ്ദേശത്തിന് അനുസരിച്ച് സ്ത്രീകളെ ഹോംസ്റ്റേയില്‍ എത്തിച്ച് നല്‍കിയായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു.
ഹോംസ്റ്റേ നടത്തിപ്പുകാരനായ കുത്തുപാറ പാറയ്ക്കല്‍ സിജോ ജെയിംസ് (കുഞ്ഞന്‍-30), ഇടപാടുകാരായ ആരക്കുഴ വള്ളോംതടത്തില്‍ അഖില്‍ (28), കഞ്ഞിക്കുഴി പെരിയകോട്ടില്‍ ജോമി (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂവരെയും അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എറണാകുളം സ്വദേശികളായ രണ്ടു യുവതികള്‍, ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനി, കണ്ണൂര്‍ സ്വദേശിനി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും സുപ്രീം കോടതിയുടെ സമീപകാലത്തെ വിധികളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. ഹോംസ്റ്റേ മാനേജര്‍ ഇരുമ്പുപാലം സ്വദേശി വിഷ്ണുവും ഇവിടെയുണ്ടായിരുന്ന പത്തിലേറെ പേര്‍ ഓടിരക്ഷപ്പെട്ടു.
അരമണിക്കൂര്‍ യുവതിക്കൊപ്പം ചെലവഴിക്കുന്നതിനു രണ്ടായിരം രൂപയെന്ന നിരക്കില്‍ പണം ഓണ്‍ലൈന്‍ ഇടപാടിലൂടെ വാങ്ങിയാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ഓരോ യുവതിക്കും ദിവസേന ഇരുപതിലേറെ ഇടപാടുകാര്‍ എത്തിയിരുന്നതായാണു വിവരം. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ ഐടി സെല്ലിന് കൈമാറും. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവര്‍ത്തിച്ചിരുന്നത്.
കൂമ്പന്‍പാറ പൊതുശ്മശാനത്തിനു സമീപം അടിമാലി സ്വദേശി നിര്‍മിച്ച വീട് പിന്നീട് എറണാകുളം സ്വദേശിക്കു വിറ്റിരുന്നു. പിന്നീടു തദ്ദേശവാസിയായ യുവാവ് വീട് ഏറ്റെടുത്തു ഹോംസ്റ്റേ നടത്തിപ്പിനു വാടകയ്ക്ക് കൊടുത്തതായാണ് വിവരം. സിജോ സ്ഥാപനം നടത്തിപ്പിന് ഏറ്റെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നാണ് പൊലീസിനു നല്‍കിയ മൊഴി.
Post Your Comments