ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന മാര്‍ഗരേഖ പുറത്തിറക്കി. തിയേറ്ററുകളിലെ പകുതി സീറ്റ് എണ്ണം കണക്കാക്കി മാത്രമേ പ്രേക്ഷകരെ പ്രവേശിപ്പിക്കാവൂവെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. 24 നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും ഒക്ടോബര്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം.ഒരു ഷോയില്‍ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ. മാസ്ക് നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാണ്.
രണ്ടു പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗണ്‍സ്മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളില്‍ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ.
ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്മെന്റ്, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണം. അതത് ഷോയ്ക്ക് ടിക്കറ്റ് നല്‍കുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നല്‍കണം.
മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. തിയേറ്ററിനകത്ത് തുപ്പുന്നത് അടക്കമുള്ളവ കര്‍ശനമായി തടയണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
Post Your Comments