തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ യു.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന മണി എക്സ്ചേഞ്ച് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷും സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ചാണ് കസ്റ്റംസ് ഇയാളോട് ചോദിച്ചത്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലത്തീഫ് ഡയക്ടറായിട്ടുള്ള യു.എഫ്.എക്സ് കമ്പനി.
കോണ്‍സുലേറ്റിലെ വിസാ സ്റ്റാമ്പിങ് ഉള്‍പ്പെടെയുള്ളവയുടെ കരാര്‍ ഈ കമ്പനി ഏറ്റെടുത്തിരുന്നു. കമ്പനിയില്‍ നിന്ന് കമ്മീഷന്‍ കിട്ടിയിരുന്നുവെന്ന് സ്വപ്ന സുരേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്.
അതേസമയം ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിനീഷിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. സഹോദരന്‍ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് യാത്ര. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല.
Post Your Comments