ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിനും പ്രതികള്‍ക്കും ഉള്‍പ്പെടെ നുണപരിശോധന നടത്തുമെന്ന് അധികൃതര്‍. പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന ഫോറന്‍സിക്, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു നടപടി. കുടുംബാംഗങ്ങളുടെ പരാതി പരിഹരിക്കുമെന്ന് സംസ്‌ഥാന ഡി.ജി.പിയുടെയും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ഉറപ്പ്.
കേസിലെ പ്രതികള്‍ക്കും പോലീസുകാര്‍ക്കുമൊപ്പമാണു കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന. വിഷയം കൈകാര്യം ചെയ്‌തതില്‍ പോലീസിനു വീഴ്‌ചയുണ്ടായെന്നു റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു യു.പി. പോലീസ് മേധാവി എച്ച്.സി. അവസ്‌തി അറിയിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്‌തിക്കൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചാണ് ഡി.ജി.പി. ഇക്കാര്യം അറിയിച്ചത്.
പീഡനം നടന്നിട്ടില്ലെന്ന പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ ശരിവയ്‌ക്കുന്നതാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. കഴുത്തിനേറ്റ പരുക്കാണു മരണകാരണമെന്നു യു.പി. എഡി.ജി.പി: പ്രശാന്ത് കുമാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയിലും പീഡനാരോപണമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷറിനെതിരേ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. മൃതദേഹത്തിന്റെ ഫോട്ടോ പോലും കാണിച്ചില്ല. രാത്രിയില്‍ത്തന്നെ മൃതദേഹം ദഹിപ്പിച്ചതിലും എതിര്‍പ്പുണ്ട്.
Post Your Comments