KeralaLatest NewsNews

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ;വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി കമ്മീഷണര്‍

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് കിളികൊല്ലൂര്‍ പൊലീസിന് നിര്‍ദേശം നല്‍കി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. കൊല്ലം എഴുകോണ്‍ സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ കാലിലെ വളവ് മാറ്റാന്‍ ഡോക്ടര്‍ അനൂപ് ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുട്ടി മരിച്ചത് ചികിത്സാപ്പിഴവാണെന്ന സമൂഹ മാധ്യമങ്ങളിലെ ക്രൂശിക്കലില്‍ മനം നൊന്താണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നിയമ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഡോ.അനൂപിന്റെ ഓര്‍ത്തോ ക്ലിനിക്കില്‍ വച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇതിനിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഹൃദയ ചികിത്സയ്ക്ക് ഉള്ള സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടിയെ ഉടനെ തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഇതോടെ ഡോക്ടറുടെ ചികിത്സാ പിഴവാണ് ഏവു വയസുകാരിയുടെ ജീവനെടുത്തതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ഡോക്ടര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതിനിടെ കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ചികിത്സാപ്പിഴവ് തന്നെയാണ് മരണകാരണമെന്നും കുട്ടിയുടെ ബന്ധുക്കളും ആവര്‍ത്തിച്ചു. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു എന്ന പ്രചാരണം ശരിയല്ലെന്നും കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ അനൂപ് മാനസികമായി തളര്‍ന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നും ബന്ധുക്കളും ഡോക്ടര്‍മാരുടെ സംഘടനകളും പറയുന്നു.

കോവിഡ് സാഹചര്യത്തില്‍പ്പോലും റിസ്‌ക് എടുത്ത് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായ ഡോ. അനൂപ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ഐഎംഎ പ്രതിനിധി ഡോ. സുള്‍ഫി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button