തിരുവനന്തപുരം: പ്രോട്ടോക്കോൾ ലംഘിച്ച് ഐഫോൺ വാങ്ങിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോൺഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോൾ ലംഘനമാണ് രമേശ് ചെന്നിത്തലയും ഇപ്പോൾ നടത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ പ്രോട്ടോക്കോൾ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാൻ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്. എന്തായാലും കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേയെന്നും കോടിയേരി ചോദിക്കുന്നു.
Read also: ഒരു യുവതിയില്‍ നിന്നും കൊവിഡ് ബാധിച്ചത് ആറ് വീടുകളിലുള്ള 22 പേർക്ക്
സ്വർണക്കടത്ത് കേസ് ഒരു ബൂമറാംഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോൾ ശരിയായി. സിബിഐ ഒരു കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്. സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് മറ്റു പലതിലുമാണ് താത്പര്യം.കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി ചങ്ങാത്തമാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ പോലും കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.
Post Your Comments