ലഖ്‌നൗ: അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് കെട്ടിടം തകര്‍ക്കലില്‍ പാകിസ്‌താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പങ്കുണ്ടാകാമെന്ന രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്നു ലഖ്‌നൗവിലെ പ്രത്യേക കോടതി. ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന ബുധനാഴ്‌ചത്തെ വിധിന്യായത്തിലാണു സ്‌പെഷല്‍ കോടതി ജഡ്‌ജി എസ്.കെ. യാദവിന്റെ പരാമര്‍ശം.
കെട്ടിടം തകര്‍ക്കപ്പെട്ട 1992 ഡിസംബര്‍ ആറിനും അതിനു തലേന്നും പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റ് പാക് സാന്നിധ്യത്തെപ്പറ്റി സൂചന നല്‍കിയിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ രണ്ടിനു മുസ്ലിം വിഭാഗത്തിലെ ചിലര്‍ പള്ളിയുടെ ചില ഭാഗങ്ങള്‍ക്ക് കേടുവരുത്തിയെന്നും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ച് കര്‍സേവ തടയാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളതു കോടതി എടുത്തുകാട്ടി.
ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിനു തിരികൊളുത്തുകയെന്ന ലക്ഷ്യത്തോടെ ആള്‍ക്കൂട്ടത്തില്‍ നുഴഞ്ഞുകയറിയ ഐ.എസ്.ഐ. ചാരന്മാര്‍ പള്ളിക്കെട്ടിടത്തിനു കേടുപാടുണ്ടാക്കിയിട്ടുണ്ടാകാമെന്ന സൂചന അന്വേഷണവിധേയമായില്ലെന്നാണു കോടതി പറഞ്ഞത്. ഇതു കേസില്‍ സി.ബി.ഐയുടെ ഭാഗം ദുര്‍ബലമാകാന്‍ ഇടയാക്കിയെന്ന് ഹിന്ദിയിലെഴുതിയ 2,300 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.
പാകിസ്‌താനില്‍നിന്നു ഡല്‍ഹി വഴി സ്‌ഫോടകവസ്‌തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കര്‍സേവകരുടെ വേഷമിട്ട് ജമ്മു കശ്‌മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുള്ളതു കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ യു.പി. ആഭ്യന്തര സെക്രട്ടറി ഇതു പോലീസിനു കൈമാറിയിരുന്നു. ഇത്ര നിര്‍ണായ വിവരം ലഭിച്ചിട്ടും അതേപ്പറ്റി സി.ബി.ഐയുടെ അന്വേഷണമുണ്ടായില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു.
Post Your Comments