ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഒത്താശയോടെ വിവിധ സംസ്ഥാനങ്ങളില്‍ നവരാത്രി ആഘോഷ കാലത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പരിശീലനം ലഭിച്ചവര്‍ അടക്കം ആറ് ഭീകരരെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്‌തു. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അടുത്ത മാസം നവരാത്രി, രാംലീലാ ആഘോഷ സമയത്ത് ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് സംഘം പദ്ധതിയിട്ടത്. ഒരാള്‍ രാജസ്ഥാനിലെ കോട്ടയിലും രണ്ടു പേര്‍ ഡല്‍ഹിയിലും മൂന്നുപേര്‍ ഉത്തര്‍പ്രദേശിലുമാണ് അറസ്റ്റിലായത്.
അതിമാരക സ്‌ഫോടനങ്ങളാണ് ഇവര്‍ പദ്ധതി ഇട്ടത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രശ്‌നമുണ്ടാക്കാനാണ് തീവ്രവാദികളുടെ നീക്കം. മുംബൈ സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്ഖ് (47), ഡല്‍ഹി സ്വദേശി ഒസാമ(22), റായ്ബറേലിയില്‍നിന്നുള്ള മൂല്‍ചന്ദ് (47), പ്രയാഗ്‌രാജില്‍നിന്നുള്ള സീഷാന്‍ കമര്‍ (28), ബറൈച്ച് സ്വദേശി മുഹമ്മദ് അബൂബക്കര്‍ (23), ലക്‌നൗ സ്വദേശി മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരാണു പിടിയിലായത്.
ഇവരുടെ പക്കല്‍നിന്നും രണ്ട് ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ഒരു കിലോ ആര്‍ഡിഎക്‌സ്, ഇറ്റാലിയന്‍ നിര്‍മ്മിത തോക്ക് എന്നിവ പിടിച്ചെടുത്തു.ഒസാമ, കമര്‍ എന്നിവര്‍ മസ്‌കറ്റില്‍നിന്ന് ബോട്ട് വഴി പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയെന്നാണു അന്വേഷണ സംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ ഫാം ഹൗസില്‍ 15 ദിവസം താമസിച്ച ഭീകരര്‍ ആയുധ പരിശീലനവും നടത്തി. തന്ത്രപരമായാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ ബോംബ് നിര്‍മ്മാണ വിദഗ്ധരും ഉണ്ട്.
രണ്ട് സംഘങ്ങളായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു സംഘത്തെ നയിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം ആയിരുന്നു.ആയുധങ്ങളെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. മറ്റൊരു സംഘത്തിന്റെ ജോലി ഹവാല വഴി ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി.ഭീകരരില്‍ സിഷാനും ഒസാമയും കഴിഞ്ഞ ഏപ്രിലില്‍ മസ്‌കറ്റില്‍ എത്തുകയും അവിടെ നിന്ന് ബോട്ടില്‍ പാകിസ്ഥാനിലേക്ക് പോവുകയും ചെയ്‌തതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു.
സിന്ധ് പ്രവിശ്യയിലെ തറ്റ എന്ന സ്ഥലത്ത് ഒരു ഫാംഹൗസില്‍ 15 ദിവസം തങ്ങിയ ഇവരെ പാക് ചാര സംഘടനയായ ഐ.എസ്.ഐ ബോംബുകള്‍ ഉണ്ടാക്കാനും എ.കെ.47 തോക്കുകള്‍ ഉള്‍പ്പെടെ പ്രയോഗിക്കാനും പരിശീലിപ്പിച്ചു. രണ്ടു പാക് സൈനികരാണ് പരിശീലിപ്പിച്ചത്. ആക്രമണ കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് ബോംബുകള്‍ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ദൗത്യം.മുംബയില്‍ അടക്കം ഇടപാടുകള്‍ കുറഞ്ഞതോടെ വരുമാനം നിലച്ച ദാവൂദ് സംഘത്തോട് ഓപ്പറേഷന്‍ നടത്താന്‍ ഐ.എസ്.ഐ ആവശ്യപ്പെട്ടതായാണ് വിവരം.
മുംബൈ, ലക്‌നൗ, പ്രയാഗ്‌രാജ്, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഒരുമിച്ചാണു വ്യത്യസ്ത സംഘങ്ങള്‍ പരിശോധന നടത്തിയത്. പിടിയിലായവരില്‍ ഷെയ്ഖ്, മൂല്‍ചന്ദ് എന്നിവര്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ആയുധക്കടത്ത്, ഹവാല ഇടപാടിലൂടെ പണം കണ്ടെത്തല്‍ എന്നിവ കൈകാര്യം ചെയ്തത് ഇവരായിരുന്നു. ഭീകര സംഘത്തില്‍ ബംഗാളി സംസാരിക്കുന്ന പതിനഞ്ചോളം പേരുണ്ടെന്നും അവര്‍ക്കും പാക് പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് വെളിപ്പെടുത്തി.
Post Your Comments