കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജിന്റെ പേരില്‍ നടന്ന സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യ ഇടപാടുകളില്‍ ഒരാള്‍ ഇടത് സ്വതന്ത്ര കൗണ്‍സിലര്‍ കാരാട്ട് ഫൈസലാണെന്ന് ഉറപ്പിച്ച് കസ്റ്റംസ്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്കി.
ഈ കേസില്‍ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ഇടപാടുകാരന് കെ.ടി റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്ന് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുത്തത്.ഇടപാടിലെ ‘കിങ്പിന്‍’ എന്നാണ് ഫൈസലിനെ കസ്റ്റംസ് വിശേഷിപ്പിക്കുന്നത്.
സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരഗ വിമാനത്താവളം വഴി 400 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന്റെ നിഗമം. ഇതില്‍ ഒടുവില്‍ വന്ന 30 കിലോയോളം സ്വര്‍ണവുമായാണ് സംഘം പിടിയിലായത്. ഇവര്‍ കൊണ്ടുവന്ന സ്വര്‍ണത്തില്‍ 80 കിലോയോളം കാരാട്ട് ഫൈസല്‍ വഴി വിറ്റിട്ടുണ്ടെന്നാണ് കസ്റ്റംസിനു കിട്ടിയ വിവരം. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മൂന്നു മാസം പിന്നിടുമ്പോഴാണ് ഫൈസല്‍ പിടിയിലാകുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവളളി. പ്രധാനമായും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ രാവിലെ കസ്റ്റംസ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. നേരത്തെയും കസ്റ്റംസ് കോഴിക്കോടും കൊടുവള്ളിയിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണം എവിടെയെല്ലാം എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് സംഘം പരിശോധന സജീവമാക്കുന്നത്.തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വളരെ നിര്‍ണായകമായ പുരോഗതിയാണ് അന്വേഷണത്തില്‍ കൈവരിച്ചിരിക്കുന്നത്.
Post Your Comments