ഹത്രാസ് : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള മുഴുവന്‍ വഴികളും പൊലീസ് അടച്ചു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹത്രാസില്‍ വിലക്കേര്‍പ്പെടുത്തി. ആരെയും ഹത്രാസിലേക്ക് കടത്തിവിടുന്നില്ല. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ റോഡുകളും പൊലീസ് അടച്ചു.
പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ഹത്രാസ് എഡിഎം അശോക് കുമാര്‍ ശുക്ല പറഞ്ഞു.
സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് പറിയ്ക്കാന്‍ പാടത്ത് പോയപ്പോഴാണ് കഴുത്തില്‍ ദുപ്പട്ട മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അലിഗഢിലെ ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് ഹാത്രാസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു.
ശക്തമായ പ്രതിഷേധം വകവയ്ക്കാതെ 19 കാരിയായ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ പൊലീസ് ബലമായി നിര്‍വഹിച്ചുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ഇരയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുവരാന്‍ പൊലീസ് അനുവദിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് പോലീസ് അവരുടെ അനുമതിയില്ലാതെ മൃതദേഹം ഹാത്രാസിലേക്ക് കൊണ്ടുപോയതായി ആരോപിച്ച് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും സഫദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ 2:30 നാണ് രഹസ്യമായി പെണ്‍കുട്ടിയുടെ ശവസംസ്‌കാരം പൊലീസ് നടത്തിയത്.
Post Your Comments