ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ കോടതി വിധിയെ പരിഹസിച്ച് പ്രമുഖ നിയമവിദഗ്ധൻ പ്രശാന്ത് ഭൂഷൻ. ബാബ്‍റി മസ്ജിദ് തകർത്തതിൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്നൗ കോടതിയുടെ വിധിയെ പ്രശാന്ത് ഭൂഷൻ പരിഹസിച്ചത്.അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോയെന്നും പുതിയ ഇന്ത്യയിലെ നീതി ഇതാണെന്നും പ്രശാന്ത് ഭൂഷൻ രണ്ട് വരി ട്വീറ്റിൽ വിമർശിക്കുന്നു.
മതേതര രാജ്യമായ ഇന്ത്യയിൽ 1992 ഡിസംബര്‍ 6-ലെ ബാബ്‍റി മസ്ജിദ് തകർക്കപ്പെട്ടത് കനത്ത ആഘാതവും വിവാദങ്ങളും സൃഷ്ടിക്കപ്പെട്ടു. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷന്‍റെ റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് ഉൾപ്പടെ കേസിലെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.
Read Also: ബാബ്റി മസ്ജിദ് കേസ് , സുപ്രധാന കോടതി വിധി ഇങ്ങനെ
2001-ൽ ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഡാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017-ൽ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസ്ജിദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസിൽ വിധി വന്നിരിക്കുന്നത്.
Post Your Comments