തികച്ചും ആരോഗ്യവാനായ, കുടുംബത്തില്‍ ഒരാള്‍ക്ക് പോലും ഹൃദ്രോഗമില്ലാത്ത വ്യക്തിക്കു പോലും ഹൃദയസ്തംഭനമുണ്ടാകുമെന്നു നിരീക്ഷണം. ഹൃദയവും കിഡ്‌നിയും ശ്വാസകോശവും ഉള്‍പ്പെടെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ കോവിഡ് അണുബാധയ്ക്ക് സാധിക്കുമെന്ന് നിരവധി പഠനങ്ങളും അടിവരയിട്ടു പറയുന്നു. ഇതിനിടെയാണ് പുതിയ പഠനം. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡല്‍ഹി ഷാലിമാര്‍ബാഗിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയാണ് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായ ഈ നിരീക്ഷണത്തിലേക്ക് ഡോക്ടര്‍മാരെ എത്തിക്കുന്നത്. 31കാരനായ ഈ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ധമനികളെല്ലാം 100 ശതമാനവും ബ്ലോക്കായിരിക്കുകയായിരുന്നു. നെഞ്ചു വേദന, ശ്വസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളുമായിട്ടാണ് ഈ രോഗി ആശുപത്രിയില്‍ എത്തുന്നത്.കൊറോണ വൈറസിനുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു.
തുടര്‍ന്ന് ആര്‍ടി-പിസിആര്‍ നടത്തി. എമര്‍ജന്‍സിയില്‍ നിന്ന് കാത് ലാബിലേക്ക് മാറ്റുമ്പോഴേക്കും രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായി. സിപിആറിലൂടെ രോഗിയെ വീണ്ടെടുക്കാനായി. ആന്‍ജിയോഗ്രാഫിയില്‍ പ്രധാന ധമനി പൂര്‍ണമായും ബ്ലോക്കായിരിക്കുന്നത് കണ്ടു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് ഇട്ടു. ഇതിനിടെ ആര്‍ടി പിസിആര്‍ ഫലം വന്നു. രോഗി കോവിഡ് പോസിറ്റീവ്. അമിതഭാരമില്ലാത്ത ഈ രോഗി നിത്യവും വ്യായാമം ചെയ്തിരുന്ന തികച്ചും ആരോഗ്യവാനായ മനുഷ്യനായിരുന്നു.
മദ്യപാനമില്ല, പുകവലിയില്ല. ഇതിന് മുന്‍പ് ഹൃദയത്തിന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. കുടുംബത്തിലും ഹൃദ്രോഗത്തിന്റെ ചരിത്രമില്ല. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് സങ്കീര്‍ണതകളൊന്നും ഉണ്ടായുമില്ല. പിറ്റേ ദിവസംതന്നെ എഴുന്നേറ്റ് നടക്കാന്‍ സാധിച്ചു. ഇക്കാര്യങ്ങളെല്ലാം വച്ച് ഇത് കൊറോണ വൈറസ് ബാധ മൂലമുണ്ടായ ഹൃദ്രോഗമാണെന്ന അനുമാനത്തിലെത്തുകയായിരുന്നു ഡോക്ടര്‍മാര്‍.
read also: അസാധാരണ നടപടി: എം.ശിവശങ്കറിന് ഒരു വർഷത്തേക്ക് അവധി നല്‍കി സര്‍ക്കാര്‍
കേടുവരുന്ന ഹൃദയ പേശികള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഡിയാക് ട്രോപോണിന്‍ എന്ന പ്രോട്ടീൻ തോത് കോവിഡ് രോഗികളില്‍ ഉയര്‍ന്നിരിക്കുന്നതായി കാണപ്പെടുന്നുണ്ട്. ഇസിജിയിലും ഹൃദയത്തിന്റെ അള്‍ട്രാ സൗണ്ട് ടെസ്റ്റിലും ചില പ്രശ്‌നങ്ങളും ഇത്തരം രോഗികളില്‍ കാണപ്പെടുന്നു. ഇവയെല്ലാം കൊറോണ വൈറസ് ഹൃദയത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കുമെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Post Your Comments