തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഒരു വർഷത്തെ അവധി നല്‍കി സര്‍ക്കാര്‍. ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് മൂന്ന് മാസംകൂടി ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു.
Read also: ഒമാനില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു: കേരളത്തിലേക്കും സർവീസ്
പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അന്നുമുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നത്. ഇത് അസാധാരണ നടപടിയാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്ന നടപടി അസാധാരണമാണ്. മുന്‍കാല പ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്‌പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും. സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് തവണ ശിവശങ്കറിനെ എന്‍ഐഎ ചോദ്യംചെയ്തിട്ടുണ്ട്.
Post Your Comments