സൈക്കോളജി എന്നെഴുതാൻ അറിയാത്തവർ പോലും ഉളുപ്പില്ലായ്മയും വേഷം കെട്ടലുമായി യുട്യൂബ് ചാനലുകളിലൂടെ മനശാസ്ത്രജ്ഞർ ചമയുന്നുണ്ടെന്നും ഇത്തരം കപട സൈക്കോ തെറാപ്പിസ്റ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സൈക്കോളജിസ്റ്റ് ദീപ മേരി തോമസ് പറയുന്നു. കൗൺസലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടൽ, പുതപ്പ് പുതയ്ക്കൽ, സ്വന്തമായി യുട്യൂബ് ചാനൽ, വായിൽ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല എന്ന് ദീപ മേരി ഫേസ് ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
അശ്ലീല പരാമർശവിഡിയോ വിവാദം തുടരുന്നതിനിടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേരിൽ യൂട്യൂബ് വിഡിയോ ചെയ്തിരുന്ന വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് ഫേസ്ബുക് കുറിപ്പിന് കാരണം. എന്താണ് സൈക്കോളജിയെന്നും സൈക്കോളജിസ്റ്റെന്നും സൈക്കോളജിസ്റ്റ് ദീപ മേരി തോമസ് വിശദമാക്കുന്നു.
ദീപ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം:
വിജയ് പി. നായർ എന്നൊരാൾ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്.
ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരുപാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്പെഷ്യലൈസേഷൻ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാൻ പറ്റുന്നതും കാണാൻ പറ്റാത്തതുമായ കുറേ കാര്യങ്ങൾ അളന്ന് സ്ത്രീകൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കലാണ്.
വേറെ ചിലരുടെ സ്പെഷ്യലൈസേഷൻ പ്രേമത്തിലാണ്. പിണങ്ങിപ്പോയ കാമുകനെ/ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാർന്ന രീതികൾ, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകർഷിച്ച് പ്രേമിപ്പിക്കാനുള്ള ടിപ്സ്. പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്. അവര് ബുദ്ധിമാന്ദ്യം, Autism, സെറിബ്രൽ പാൾസി പോലുള്ളതെല്ലാം കൗൺസലിങ് നൽകി ചികിത്സിച്ചങ്ങ് മാറ്റിക്കളയും. സൈക്കോളജി എന്നെഴുതാൻ അറിയാത്തവർ മുതൽ ഏതെങ്കിലും പേരോർത്തെടുക്കാൻ പറ്റാത്ത യൂണിവേഴ്സിറ്റികളിൽനിന്ന് തപാൽ വഴി മൂന്നു മണിക്കൂർ മുതൽ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.
ഇത്തരം വ്യാജ മനശാസ്ത്രജ്ഞർക്കെതിരേ പലരീതിയിൽ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയില്ല. അതുകൊണ്ട് നിലവിൽ മാനസികാരോഗ്യ സേവനങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുക.
കൗൺസലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടൽ, പുതപ്പ് പുതയ്ക്കൽ, സ്വന്തമായി യുട്യൂബ് ചാനൽ, വായിൽ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്നോ, തെറാപ്പിസ്റ്റെന്നോ, സൈക്കോളജിക്കൽ കൗൺസിലർ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട് (വെറൈറ്റി പേരുകൾ വേറെയുമുണ്ട് ) അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുക, പഠിച്ച സ്ഥാപനത്തെക്കുറിച്ച് ചോദിക്കുക. പേരോർമയില്ലാത്ത സ്ഥാപനമോ, ഭൂപടത്തിൽ ഇല്ലാത്ത സർവ്വകലാശാലയോ ഒക്കെ ആണേൽ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.
മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച് കൗൺസിലർ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഇനി കാണാൻ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും. മാനസികാരോഗ്യ മേഖലയിലെ പ്രഫഷണൽ സർവ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രഫഷണൽസിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
https://www.facebook.com/deepa.mary.161/posts/5013982398627510
Post Your Comments