ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാലാവസ്ഥ മാറുന്നു. ഇനി വരുന്നത് ശൈത്യകാലമാണ്. ഇതോടെ ശൈത്യകാലത്തിന് മുന്നോടിയായി ലഡാക്കില്‍ അവശ്യവസ്തുക്കളുടെ ഏറ്റവും വലിയ സംഭരണത്തിനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. യുദ്ധ ടാങ്കുകള്‍, ആയുധങ്ങള്‍, വെടിമരുന്ന്, ഇന്ധനം, ഭക്ഷണം, ശൈത്യകാല ഉത്പന്നങ്ങള്‍ എന്നിവ ലഡാക്കിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ എത്തിച്ചതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലൈ പകുതിയോട് കൂടി തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ആര്‍മി ചീഫ് ജനറല്‍ എംഎം നരവാനെ, ഉന്നത കമാന്‍ഡര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ ആസൂത്രണങ്ങള്‍ നടത്തിയത്. യുദ്ധസാധ്യതകള്‍ മുന്‍നിര്‍ത്തി ടി-90, ടി-72 ടാങ്കുകള്‍, മറ്റ് യുദ്ധവാഹനങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം ചുഷുള്‍, ഡെംചോക് മേകലകളിലേക്ക് എത്തിച്ചിരുന്നു.
16,000 അടി ഉയരത്തിലുള്ള ഫോര്‍വേഡ് പോസ്റ്റുകളിലും, പര്‍വതങ്ങളുടെ പാതകളിലും വിന്യസിച്ചിരിക്കുന്ന സൈനികരെ ഉദ്ദേശിച്ചാണ് വലിയ തോതില്‍ വസ്ത്രങ്ങളും, താത്കാലിക ടെന്റുകളും, ഭക്ഷ്യവസ്തുക്കള്‍, ആശയവിനിമയത്തിനുള്ള ഉപകരണങ്ങള്‍, ഹീറ്ററുകള്‍, എന്നിവ എത്തിച്ചിരിക്കുന്നത്. പതിവ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ അളവില്‍ വസ്തുക്കള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി കൂടി കണക്കിലെടുത്താണ് നീക്കം.
ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് ശേഷം കിഴക്കന്‍ ലഡാക്കില്‍ അധിക സൈനികരെ ഇന്ത്യ വിന്യസിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് ഇവിടെ താപനില മൈനസ് അഞ്ച് മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മികച്ചയിനം ശൈത്യകാലവസ്ത്രങ്ങള്‍ സൈനികര്‍ക്ക് ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സി-17 ഗ്ലോബ് മാസ്റ്റര്‍ തുടങ്ങിയ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ആയിരക്കണക്കിന് ടണ്‍ ഭക്ഷണവും ഇന്ധനവും മറ്റ് ഉപകരണങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് എത്തിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള സൂചനകള്‍ ലഭിക്കാത്തതിനാല്‍ കിഴക്കന്‍ ലഡാക്കില്‍ ഇപ്പോഴുള്ള സൈനികരെ അതേ പോലെ നിലനിര്‍ത്താനാണ് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചിരിക്കുന്നത്.
Post Your Comments