ഇസ്ലാമാബാദ്: നരേന്ദ്രമോദി അധികാരത്തിലുള്ളപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് മുൻ പാക്ക് താരം ഷാഹിദ് അഫ്രീദി. ഐപിഎല്ലിൽ കളിക്കാനാകാത്തത് ബാബർ അസം ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ താരങ്ങളെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ക്രിക്കറ്റിൽത്തന്നെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നാണ് ഐപിഎൽ. ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവിടെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതു വലിയൊരു അവസരമാകുമായിരുന്നു. ഐപിഎൽ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതും മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായി ഇടപഴകുന്നതും അവരെ കൂടുതൽ മികച്ച താരങ്ങളാക്കുമായിരുന്നുവെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.
ക്രിക്കറ്റ് ബന്ധം വീണ്ടും തുടങ്ങാൻ പാക്കിസ്ഥാൻ സർക്കാർ എന്നും തയാറാണ്. പക്ഷേ മോദിയുടെ ഭരണത്തിന്റെ കീഴിൽ അത് നടക്കില്ല. മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയിലെ ജനങ്ങൾ എനിക്ക് നൽകിയിട്ടുള്ള സ്നേഹവും ആദരവും ഞാൻ തുറന്നുപറയാറുണ്ട്. ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആസ്വദിച്ചിരുന്ന ആളാണ് ഞാൻ. സമൂഹമാധ്യമങ്ങളിൽ ഞാൻ പോസ്റ്റുകളിടുമ്പോൾ ഇപ്പോഴും സ്ഥിരമായി മെസേജ് അയക്കുന്ന ഭാരതീയരുണ്ട്. കുറേപ്പേർക്ക് ഞാൻ മറുപടി നൽകും. ഇന്ത്യയുമായി ബന്ധപ്പെട്ട എന്റ അനുഭവങ്ങളൊക്കെയും നല്ലതാണെന്നും അഫ്രീദി പറയുകയുണ്ടായി.
Post Your Comments