ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പാർലമെന്റിൽ എത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കണമെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. 1996 ൽ തന്റെ നേതൃത്വത്തിലുളള യുണൈറ്റഡ് ഫ്രണ്ട് സർക്കാർ അധികാരത്തിലിരുന്നപ്പോൾ മുതൽ ബില്ല് പെൻഡിങ്ങിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 96 മുതൽ പെൻഡിങ്ങിലായിരുന്ന ബില്ലിൽ ഒരു തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് വനിതാ സംവരണ ബില്ല് 1996 സെപ്തംബർ 12 ന് പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ലോക്‌സഭയിൽ ബില്ല് പാസാക്കിയെടുക്കാൻ സാധിച്ചില്ല.ഇതിന് ശേഷം വാജ്‌പേയി അധികാരത്തിലിരുന്നപ്പോഴും ബില്ല് പാസാക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് രണ്ട് തവണ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരും ഇതിന് മിനക്കെട്ടില്ല. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ പാസാക്കിയെങ്കിലും ലോക്‌സഭ കടക്കാനായില്ല.
ഇതിനൊടുവിലാണ് ഇപ്പോൾ മോദി സർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിനൊപ്പം വനിതാ ബില്ലും പാസാക്കിയെടുക്കാൻ ശ്രമം തുടങ്ങിയത്. കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ് വാൾ ആണ് പുതിയ പാർലമെന്റിലെ ലോക്‌സഭയുടെ ആദ്യ സിറ്റിങ്ങിൽ ബില്ല് അവതരിപ്പിച്ചത്.
Post Your Comments