ന്യൂഡല്‍ഹി : ഇന്ത്യക്കൊപ്പം 5ജി, 5ജി പ്ലസ് സാങ്കേതിക വിദ്യകളുടെ വികസനത്തിനായി കൈ കോര്‍ക്കാനൊരുങ്ങി ജപ്പാൻ. ഖ്വാഡ് സ്ട്രാറ്റജിക് അംഗങ്ങളായ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇസ്രയേലും ഇതില്‍ പങ്കാളികളാകും. അടുത്ത മാസം ജപ്പാനില്‍ ഖ്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നുണ്ട്. അടുത്ത തലമുറയിലെ ടെലികമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകളുടെ വികസനമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാക്കുന്നത്.
സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയും ജപ്പാനും 5ജി, 5ജി പ്ലസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ 3ജിപിപി, അംബ്രല്ല മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലും ഇന്ത്യ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള സാങ്കേതിക ആഗോള മാനദണ്ഡങ്ങളും ഇന്ത്യ സ്ഥാപിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിയ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗയും വെള്ളിയാഴ്ച നടത്തിയ സംഭാഷണത്തിലാണ് 5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായത്. ഇതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും നയതന്ത്ര ബന്ധവും പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും നേതാക്കള്‍ തീരുമാനിച്ചു.
Post Your Comments