സിപിഎം എംപിമാര്‍ മാത്രമെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടൊള്ളൂ എന്നതരത്തില്‍ പ്രസ്താവന നടത്തിയ മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷിനെതിരെ ഡോ.നെല്‍സണ്‍ ജോസഫ്. കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംപിമാരടക്കം സസ്‌പെന്‍ഷന്‍ വാങ്ങിയപ്പോള്‍ സിപിഎം നേതാക്കളെ കുറിച്ച് മാത്രവും അവരുടെ പ്രതിഷേധത്തെ കുറിച്ച് മാത്രവും പറഞ്ഞതാണ് നെല്‍സണ്‍ ജോസഫ് എടുത്ത് പറയുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാര്‍ വാ തുറന്നില്ലെന്നും രാജേഷ് പറഞ്ഞിരുന്നു.
അങ്ങ് കണ്ണടച്ചാല്‍ അങ്ങേക്ക് ഇരുട്ടാവും. അപ്പൊ അങ്ങേക്ക് രാത്രിയാണെന്ന് ഒരുപക്ഷേ തോന്നാം. അത് എഴുതാനും പറയാനും അങ്ങേക്ക് സ്വാതന്ത്ര്യവുമുണ്ട്. എന്ത് എഴുതിയാലും പറഞ്ഞാലും ന്യായീകരിക്കുന്നവര്‍ ആ രാത്രിക്ക് തെളിവുകളും ന്യായീകരണങ്ങളും ചമയ്ക്കുകയും ചെയ്യും. അതുകൊണ്ട് പക്ഷേ അത് വാസ്തവമാവണമെന്ന് വാശി പിടിക്കരുതെന്ന് നെല്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒന്നോ രണ്ടോ പേര്‍ മാത്രമോ ഒരു പാര്‍ട്ടി മാത്രമോ ഒരു സംസ്ഥാനത്തെ ആളുകള്‍ മാത്രമോ അല്ല ബില്ലിനെ എതിര്‍ത്തത്. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ശ്രീ രവ്‌നീത് സിങ്ങാണ് ചര്‍ച്ച ആരംഭിച്ചത്.
കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും വിവിധ പാര്‍ട്ടികളിലെയും സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികളും അടക്കം 44 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതെന്ന് അദ്ദേഹം എംബി രാജേഷിനെ ഓര്‍മിപ്പിച്ചു.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
പ്രിയ സഖാവ് എം.ബി രാജേഷ്,
അങ്ങ് കണ്ണടച്ചാല്‍ അങ്ങേക്ക് ഇരുട്ടാവും. അപ്പൊ അങ്ങേക്ക് രാത്രിയാണെന്ന് ഒരുപക്ഷേ തോന്നാം. അത് എഴുതാനും പറയാനും അങ്ങേക്ക് സ്വാതന്ത്ര്യവുമുണ്ട്.
എന്ത് എഴുതിയാലും പറഞ്ഞാലും ന്യായീകരിക്കുന്നവര്‍ ആ രാത്രിക്ക് തെളിവുകളും ന്യായീകരണങ്ങളും ചമയ്ക്കുകയും ചെയ്യും. അതുകൊണ്ട് പക്ഷേ അത് വാസ്തവമാവണമെന്ന് വാശി പിടിക്കരുത്.
സഖാവ് എളമരം കരീം എഴുതിയ ലേഖനത്തിന് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ ‘ ഞങ്ങള്‍ ഇവിടെയുണ്ട് ‘ എന്ന് എഴുതിയത് വായിച്ച് അങ്ങ് ഉയര്‍ത്തിവിട്ട ചോദ്യം കണ്ടിരുന്നു.
‘ പത്രത്തിലല്ല പാര്‍ലിമെന്റില്‍ എവിടെ എന്നാണറിയേണ്ടത്? അവിടെ എന്തെങ്കിലും വാ തുറന്നോ എന്നാണ് ചോദ്യം? ‘
മുന്‍ എം.പിയായിരുന്ന അങ്ങേക്ക് പാര്‍ലമെന്റില്‍ സംസാരിച്ചത് ആരൊക്കെയാണെന്ന് അനായാസം പബ്ലിക് ഡൊമെയ്‌നില്‍ നിന്ന് കണ്ടെത്താന്‍ കഴിയും.
റഫറന്‍സ് 17/9/2020 ലോക് സഭയിലെ SYNOPSIS OF DEBATES ആണ്.
1. അഡ്വക്കറ്റ് ഡീന്‍ കുര്യാക്കോസ് :- Farmers’ Produce Trade and Commerce (Promotion and Facilitation) Ordinance, 2020 എന്ന പ്രമേയം മുന്നോട്ട് വച്ചു.
2. ശ്രീ. എന്‍.കെ പ്രേമചന്ദ്രന്‍ :- Farmers (Empowerment and Protection) Agreement on Price Assurance and Farm Services Ordinance, 2020 അംഗീകരിക്കരുത് എന്ന പ്രമേയവും മുന്നോട്ട് വച്ചു.
ഒന്നോ രണ്ടോ പേര്‍ മാത്രമോ ഒരു പാര്‍ട്ടി മാത്രമോ ഒരു സംസ്ഥാനത്തെ ആളുകള്‍ മാത്രമോ അല്ല ബില്ലിനെ എതിര്‍ത്തത്. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ശ്രീ രവ്‌നീത് സിങ്ങാണ് ചര്‍ച്ച ആരംഭിച്ചത്.
കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധിളും വിവിധ പാര്‍ട്ടികളിലെയും സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികളും അടക്കം 44 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.
ശ്രീ എന്‍.കെ പ്രേമചന്ദ്രന്‍, ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി, ശ്രീ. എം.കെ.രാഘവന്‍ എന്നിവരാണ് സംസാരിച്ച കേരളത്തില്‍ നിന്നുള്ള എം.പിമാര്‍.
നടപടിക്രമങ്ങളുടെയും പ്രസംഗങ്ങളുടെയും ടെക്സ്റ്റും ചുരുക്കരൂപവും ലോക് സഭയുടെയും രാജ്യസഭയുടെയും വെബ് സൈറ്റുകളില്‍ ലഭിക്കുമെന്ന് ഒരു പാര്‍ലമെന്റേറിയനായിരുന്ന അങ്ങേക്ക് വെറുമൊരു സാധാരണക്കാരന്‍ പറഞ്ഞുതരേണ്ടതില്ല.
സുപ്രധാനമായ കര്‍ഷക ബില്ലിന്റെ കാര്യത്തില്‍ എന്താണ് പാര്‍ലമെന്റില്‍ നടന്നതെന്ന് സ്വഭാവികമായും അങ്ങ് ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. അങ്ങനെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ആരൊക്കെ എന്തെല്ലാം സംസാരിച്ചുവെന്നു കാണാന്‍ കഴിഞ്ഞേനെ.
ഒരു ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ 19 എം.പിമാരും സംസാരിച്ചേ കഴിയൂ എന്ന് അങ്ങ് വാശിപിടിക്കില്ല എന്ന് കരുതുന്നു.
രണ്ടാണ് പ്രശ്‌നം. ഒന്ന് അങ്ങ് കാര്‍ഷിക ബില്ലിന്റെ ചര്‍ച്ചയില്‍ ലോക് സഭയില്‍ എന്താണ് നടന്നതെന്ന് നോക്കാന്‍ മിനക്കെട്ടില്ല എങ്കില്‍ എത്ര പ്രാധാന്യം അങ്ങ് ആ ബില്ലിനു നല്‍കിയിട്ടുണ്ടാവും?
ഇനി ചര്‍ച്ച കണ്ടതിനു ശേഷമാണ് ഈ കുറിപ്പെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരൊക്കെ സംസാരിച്ചുവെന്ന് അങ്ങേക്ക് അറിയാമായിരിക്കുമല്ലോ. അപ്പോള്‍ കുറിപ്പ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ചാനല്‍ ചര്‍ച്ചകളിലും മറ്റും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ വസ്തുതാപരമായിരിക്കണം എന്ന് വാശിയുള്ള അങ്ങേക്ക് കോണ്‍ഗ്രസിന്റെ കാര്യം വരുമ്പൊഴെന്താണ് വസ്തുതകളൊന്നും കണ്ണില്‍ പെടാത്തത്?
അങ്ങ് ഉണ്ടായിരുന്നുവെങ്കില്‍ ഈ ബില്‍ പാസാവില്ലായിരുന്നു എന്ന ഒരാളുടെ കമന്റും കണ്ടു. ദയവായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് ആ കമന്റിട്ടയാള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് അപേക്ഷയുണ്ട്.
ഇക്കഴിഞ്ഞ ദിവസം മറ്റൊരു ബഹുമാന്യനായ ജനപ്രതിനിധി പറഞ്ഞുകണ്ട മറ്റൊരു വിഷയം കൂടി പരാമര്‍ശിക്കേണ്ടതുണ്ടെന്ന് കരുതുന്നു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ഒരു വാചകം മാത്രമെടുത്ത്, അതുകൊണ്ടാണ് കോണ്‍ഗ്രസ് എം.പിമാര്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതെയിരുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
An Economy That Works For All എന്ന തലക്കെട്ടിനു താഴെ കൃഷി എന്ന വിഭാഗത്തില്‍ പറഞ്ഞിരിക്കുന്ന 22 പോയിന്റുകളിലെ പതിനൊന്നാമത്തെ പോയിന്റാണ് അദ്ദേഹം കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിറുത്താനായി തിരഞ്ഞെടുത്തിരിക്കുന്നത്.
നമുക്ക് ആവശ്യമുള്ളത് മാത്രം എടുത്തിട്ട് ബാക്കി ഭൂരിഭാഗവും തള്ളിക്കളയുന്നതിനെയാണ് ‘ ചെറി പിക്കിങ്ങ് ‘ എന്ന് വിളിക്കുന്നതെന്നാണ് എന്റെ ധാരണ.
അദ്ദേഹം വിട്ടുകളഞ്ഞ മറ്റ് പോയിന്റുകളില്‍ കടം പൂര്‍ണമായി എഴുതിത്തള്ളിയ മൂന്ന് സംസ്ഥാന സര്‍ക്കാരുകളെക്കുറിച്ചും കിസാന്‍ ബജറ്റിനെക്കുറിച്ചും കര്‍ഷക മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും ഒക്കെ എഴുതിയിട്ടുണ്ടായിരുന്നുവെന്ന് കൂടി സൂചിപ്പിക്കുകയാണ്.
രാജ്യസഭയിലെ പ്രതിഷേധത്തിനു ശേഷം ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കുകമാത്രമാണ് കോണ്‍ഗ്രസ് ചെയ്തത് എന്ന വാദത്തോടും യോജിപ്പില്ല.
ലോക് സഭയില്‍ 17 ന് കോണ്‍ഗ്രസ് എം.പിമാര്‍ അടക്കം സംസാരിച്ചതിനു ശേഷമായിരുന്നു രാജ്യസഭയിലെ പ്രതിഷേധം എന്നാണ് എന്റെ ധാരണ. തെറ്റാണെങ്കില്‍ തിരുത്താം..
ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടാനാണ് ശ്രീ.എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടത്.
ലോക് സഭയില്‍ ഇടതുപക്ഷത്തിനും പ്രതിനിധികളുണ്ട്..അവരുടെ എണ്ണം എത്ര കുറവാണെങ്കിലും, പ്രതിഷേധത്തിന്റെ സ്വരമുയര്‍ത്താന്‍ അവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
ഇടതുപക്ഷ പ്രതിനിധികള്‍ ലോക് സഭയില്‍ എന്താണ് സംസാരിച്ചതെന്നും വോട്ടെടുപ്പ് ആവശ്യപ്പെട്ടുവോ എന്നും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം അങ്ങ് ഉപയോഗിക്കുമല്ലോ.
കോണ്‍ഗ്രസ് നടത്തിയ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളെക്കുറിച്ചും മുന്‍പ് എഴുതിയതിനാല്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല.
തയ്യാറാക്കിയ ഒരു പ്രസംഗത്തോടെ നിയമനിര്‍മ്മാണ പ്രക്രിയയിലെ പാര്‍ലമെണ്ട് അംഗങ്ങളുടെ ചുമതല അവസാനിച്ചെന്നു കരുതുന്ന നിഷ്‌കളങ്കരായിരിക്കും ഇത്തരം പോസ്റ്റുകളിലൂടെ അഭിമാനപൂര്‍വ്വം തങ്ങളുടെ എംപിമാരെ അവതരിപ്പിക്കുന്നത് എന്ന് മുന്‍പ് കുറിച്ച ബഹുമാന്യനായ ശ്രീ. പി രാജീവിനോട് സ്‌നേഹപൂര്‍വം വിയോജിക്കുകയാണ്.
ഒരിക്കലുമല്ല സര്‍.
ഒരു ജനപ്രതിനിധി പാര്‍ലമെന്റില്‍ സംസാരിക്കുന്നത് അയാളുടെ കടമയാണ്, തിരഞ്ഞെടുത്ത് വിട്ട ജനത്തോടുള്ള മിനിമം ഉത്തരവാദിത്വങ്ങളില്‍ ഒന്ന് മാത്രമാണെന്ന് നല്ലതുപോലെ അറിയാം.
ഇത് നുണകളെ പ്രതിരോധിക്കുന്നതാണ്.
കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല, മിണ്ടിയില്ല, ഒരു മര്‍മരം പോലും ഉയര്‍ത്തിയില്ല എന്നൊക്കെപ്പറയുന്നത് കാണുമ്പൊ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.
Post Your Comments