Latest NewsKeralaNews

നവകേരള സദസ്; ഒരു ലക്ഷം നൽകിയ പറവൂർ നഗരസഭ സെക്രട്ടറിയെ വി.ഡി സതീശൻ ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി എം.ബി രാജേഷ്

കൊച്ചി: നവകേരള സദസിന് പണം അനുവദിച്ച പറവൂർ നഗരസഭ സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. പറവൂർ നഗരസഭാ കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പിലാക്കിയതിന് പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ പ്രതിപക്ഷനേതാവിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് എന്ന് രാജേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

പറവൂർ നഗരസഭാ സെക്രട്ടറി നിയമാനുസൃതം മാത്രമാണ് പ്രവർത്തിച്ചത്. നവകേരള സദസിന് പണം നൽകാൻ കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് സെക്രട്ടറി ചെയ്തത്. ഒരിക്കൽ തീരുമാനമെടുക്കുകയും പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തോടെ അത് പിൻവലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങി നിയമാനുസൃതമുള്ള ഉത്തരവാദിത്തം സെക്രട്ടറിക്ക് നിറവേറ്റാതിരിക്കാനാകില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരാൾ നിയമാനുസൃതം പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തീരുമാനം മാറ്റിക്കാൻ ശ്രമിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രതിപക്ഷനേതാവിന്റെ ഈ ഭീഷണിക്കെതിരെ ജനാധിപത്യ ബോധമുള്ള എല്ലാവരും രംഗത്തുവരണം എന്നും മന്ത്രി കുറിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ മണ്ഡലവും യുഡിഎഫ് ഭരിക്കുന്ന നഗരസഭയായിട്ടും നവകേരള സദസിനായി പണം നല്‍കാന്‍ തീരുമാനിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിനിടെ കൗൺസിൽ അംഗങ്ങൾ തമ്മിൽ ബഹളം ഉടലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button