തൃശൂർ: പീച്ചി ഡാമിലെ വൈദ്യുതോൽപ്പാദനകേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിക്കാൻ നാവികസേനയും മുങ്ങൽ വിദഗ്ധരും അഹോരാത്രം പ്രയത്നിച്ചിട്ടും സാധിച്ചില്ല. ചോർച്ച ഇപ്പോഴും തുടരുകയാണ്. എമർജൻസി ഷട്ടർ അടച്ചു ചോർച്ച തടയാനുള്ള ശ്രമം രണ്ടു രാത്രിയും ഒരു പകലും പിന്നിട്ടു.
Read also: 56 ലക്ഷം കടന്ന് കോവിഡ് ബാധിതർ; 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്
തിങ്കളാഴ്‌ച പകൽ മൂന്നരയോടെയാണ് ചോർച്ച തുടങ്ങിയത്. പിന്നീട് ഇത് ശക്തിപ്പെടുകയായിരുന്നു. വാൽവ് വഴിയുള്ള വെള്ളം പൈപ്പ്‌വഴി കെഎസ്‌ഇബിയുടെ നിലയത്തിൽ എത്തുംമുമ്പേ പുഴയിലേക്ക് വഴിമാറി ഒഴുകുകയാണ്. വൈദ്യുതി ഉൽപ്പാദിപ്പിച്ചശേഷവും വെള്ളം പുഴയിലേക്ക് തന്നെയാണ് ഒഴുക്കാറുള്ളത്.
ഡാമിലെ സ്ലൂസ് വാൽവാണ് തകരാറിലായത്. ഡാമിന്റെ ഉപരിതലത്തിൽ നിന്ന് 22 മീറ്റർ താഴ്ചയിലാണ് സ്ലൂസും എമർജൻസി ഷട്ടറും. 1.2 മീറ്റർ വ്യാസമുള്ളതാണ് സ്ലൂസ്. 1.6 മീറ്റർ വിസ്തീർണമുള്ള ഷട്ടർ ഉപയോഗിച്ചാണ് സ്ലൂസ് അടയ്ക്കേണ്ടത്. വൈദ്യുതോൽപാദന കേന്ദ്രത്തിലേക്കു വെള്ളം സ്ലൂസിലൂടെ തുറന്നുവിട്ടതിനു പിന്നാലെയാണ് വാൽവ് തള്ളിപ്പോയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ സ്ലൂസ് അടയ്ക്കാൻ ചേർപ്പിൽ നിന്നുള്ള സ്കൂബ സംഘം വെള്ളത്തിലിറങ്ങി ശ്രമം തുടങ്ങിയിരുന്നു. അർധരാത്രിവരെ ശ്രമിച്ചെങ്കിലും കനത്തമഴയും വെള്ളത്തിന്റെ ശക്തിയുംമൂലം അടയ്‌ക്കാനായില്ല. രാവിലെ കൊച്ചിയിൽനിന്നും നാവികസേനാ സംഘമെത്തി. കെട്ടിടത്തിനുള്ളിൽ ഇറിഗേഷൻ വിഭാഗത്തിന്റെ എമർജൻസി ഷട്ടർ അടയ്‌ക്കാൻ ശ്രമിച്ചെങ്കിലും മരംകുടുങ്ങിയത് തടസ്സമായി. ഏറെ ശ്രമകരമായി മുങ്ങൽവിദഗ്‌ധർ മരംനീക്കിയെങ്കിലും വെള്ളത്തിന്റെ ശക്തി തടസ്സമായി. 500 ടൺ വരെ ഭാരംകയറ്റി ഷട്ടർ താഴ്‌ത്തി. എന്നാൽ പൂർണമായില്ല.
മന്ത്രി കെ കൃഷ്‌ണൻകുട്ടി പീച്ചിയിലെത്തി സ്ഥിതി വിലയിരുത്തി.സ്ലൂസ് വാൽവ് തകരാർ ഉടൻ പരിഹരിക്കുമെന്നു മന്ത്രി പറഞ്ഞു. ഷട്ടർ അടച്ച ശേഷം വാൽവ് ഊരി അറ്റകുറ്റപ്പണി നടത്തും. ഡാം പരിപാലിച്ചു പരിസര പ്രദേശം ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു.
Post Your Comments