ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
രോഗബാധ സംബന്ധിച്ച ശരിയായ വിധത്തിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്. ലക്ഷണങ്ങളില്ലാതെയാണ് കൂടുതല്‍ രോഗബാധയും സ്ഥിരീകരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കിംവദന്തികള്‍ വര്‍ധിക്കും. പരിശോധനയില്‍ പിഴവുകളുണ്ടെന്ന സംശയം ജനങ്ങളില്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാതെപോകുന്നതിന് ഇത് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാസ്‌ക് ധരിക്കുക എന്നത് ഒരു ശീലമാക്കാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍, മാസ്‌ക് ധിരിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല. ഈ ദുരിത സമയത്തുപോലും ലോകത്തെമ്പാടും ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും തടസ്സമില്ലാതെ മരുന്നുകള്‍ എത്തിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.
Post Your Comments