തിരുപ്പൂർ : തിരുപ്പൂരിൽ രണ്ട് കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. ഐസൊലേഷൻ വാർഡിലെ വൈദ്യുത ബന്ധം മൂന്ന് മണിക്കൂർ തടസപ്പെട്ടുവെന്നും ഇത് ഓക്സിജൻ ലഭ്യത ഇല്ലാതാക്കിയെന്നും ഇവർ പറയുന്നു.
തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച യെശോദ, കൌരവൻ എന്ന രണ്ട് പേരുടെ ആരോഗ്യ നില ഇന്നലെ രാവിലെയോടെ വഷളായി. ഇതിനിടെ ഐസൊലേഷൻ വാർഡിലെ വൈദ്യുത ബന്ധം തടസപ്പെട്ടു. മൂന്ന് മണിക്കൂറോളം വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും ഇതുമൂലം ഓക്സിജൻ ലഭിക്കാതെ രണ്ട് രോഗികളും മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ വൈദ്യുതിയില്ലാത്തത് കാരണം ഓക്സിജൻ തടസപ്പെട്ടില്ല എന്നാണ് ആശുപത്രി സന്ദർശിച്ച ജില്ലാ കലക്ടർ കെ വിജയ കാർത്തികേയൻ പറഞ്ഞത്. ഐസൊലേഷൻ വാർഡിൽ ബാറ്ററി ബാക്കപ്പ് സംവിധാനം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ആശുപത്രിക്കെട്ടിടത്തിലെ ജോലിക്കിടെ വൈദ്യുത ബന്ധം തകരാറിലായെന്നും നാല്പത് മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
Post Your Comments