ഐപിഎല്‍ മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരവുമായ മിച്ചല്‍ മാര്‍ഷിന് പരുക്ക്. ഈ സീസണിലെ ഹൈദരബാദിന്റെ ആദ്യ മത്സരത്തിനിടെയാണ് മാര്‍ഷിനു പരുക്കേറ്റത്. പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയായിരുന്നു ഹൈദരബാദിന്റെ ആദ്യ മത്സരം. കണങ്കാലിനു പരുക്കേറ്റ മിച്ചല്‍ മാര്‍ഷ് ഏറെ പ്രയാസപ്പെട്ടാണ് ബാറ്റിങ്ങിനു ഇറങ്ങിയത്. ബോളിങ്ങിനിടെയാണ് മാര്‍ഷിനു പരുക്കേറ്റത്. അഞ്ചാം ഓവര്‍ എറിയാനെത്തിയത് മാര്‍ഷ് ആണ്. ഈ ഓവറിലെ രണ്ടാം പന്തില്‍ മാര്‍ഷിന്റെ കാലിനു പരുക്കേറ്റു.
Read Also: ഐപിഎല്‍ മാച്ച് : മുംബൈക്ക് ബാറ്റിംഗ്, സര്‍പ്രൈസ് ഇലവനുമായി ചെന്നൈ
ബാംഗ്ലൂര്‍ താരം ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ കണങ്കാല്‍ തിരിയുകയായിരുന്നു. ശക്തമായ വേദനയെ തുടര്‍ന്ന് മാര്‍ഷ് ക്രീസില്‍ വീണു. കാല്‍ വേദനയുംവച്ച് ആ ഓവറിലെ രണ്ട് പന്തുകള്‍ കൂടി മാര്‍ഷ് എറിഞ്ഞു. എന്നാല്‍, പിന്നീട് വേദന കൂടിയതിനാല്‍ ഒരു ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും അദ്ദേഹത്തിനു സാധിച്ചില്ല. ഓവര്‍ പൂര്‍ത്തിയാകാന്‍ രണ്ട് പന്തുകള്‍ ശേഷിക്കെ മാര്‍ഷ് കൂടാരം കയറി. പിന്നീട് ഫീല്‍ഡ് ചെയ്യാനും താരം എത്തിയില്ല.
പാരുക്കിനെ തുടർന്നും നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാന്‍ മാര്‍ഷ് ഇറങ്ങി. അപ്പോഴും കാല്‍ വേദന താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ക്രീസില്‍ നില്‍ക്കാന്‍ പോലും അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മാര്‍ഷിന്റെ പരുക്ക് ഗുരുതരമാണെന്നും ഐപിഎല്ലില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും സണ്‍റൈസേഴ്‌സ് ഹൈദരബാദ് മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഇക്കാര്യത്തില്‍ ടീം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ കഴിവുള്ള താരമാണ് മാര്‍ഷ്. അതുകൊണ്ട് തന്നെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് മാര്‍ഷിന്റെ അസാന്നിധ്യം വലിയ തിരിച്ചടിയാകും.
Post Your Comments