ശരീരത്തിനുള്ളിലെ ബാക്ടീരിയ സമൂഹമായ മൈക്രോബയോട്ട കൊറോണവൈറസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ചിലരില്‍ രോഗതീവ്രത വര്‍ധിപ്പിക്കുമെന്ന് പഠനം. അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരിലാണ് ഇത് പ്രകടമായി കണ്ടു വരുന്നതെന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഈ ബാക്ടീരിയ സമൂഹം ഉത്പാദിപ്പിക്കുന്ന ലിപോപോളിസാക്രൈഡ്(എല്‍പിഎസ്) തന്മാത്രകളാണ് ഇവിടെ വില്ലനാകുന്നത്. ഇവയ്ക്ക് കൊറോണ വൈറസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പന്നികളില്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ഇവ ആരോഗ്യമുള്ള കോശത്തെ മുറിപ്പെടുത്തുകയും അവയെ രോഗാതുരമാക്കുകയും ചെയ്യും.
കോശങ്ങളെക്കാള്‍ കൂടുതല്‍ എണ്ണം മൈക്രോബയോട്ട നമ്മുടെ ശരീരത്തില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്; ഏതാണ്ട് നൂറ് ട്രില്യണില്‍ അധികം വരും. അമിതവണ്ണവും പ്രമേഹവും ഉള്ളവരില്‍ ഇത്തരം ബാക്ടീരിയല്‍ സമൂഹങ്ങളും അവ ഉത്പാദിപ്പിക്കുന്ന എല്‍പിഎസ് തന്മാത്രകളും ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കാറുണ്ട്. ഇത് ചെറിയ തോതിലുള്ള നീര്‍ക്കെട്ട് പല ഭാഗങ്ങളിലും ഇവര്‍ക്കുണ്ടാക്കാം. ഇവിടേക്ക് കൊറോണ വൈറസും കൂടി എത്തുന്നതോടെ സ്ഥിതി രൂക്ഷമാകുന്നു.
അമിതവണ്ണവും പ്രമേഹവും ഉള്ളവരില്‍ കോവിഡ് പ്രശ്‌നം ആകുന്നതിന് മറ്റൊരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ശരീരത്തിലെ ഉയര്‍ന്ന അളവിലെ ACE2 റിസപ്റ്റര്‍ സാന്നിധ്യമാണ്. കോശങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്ന ACE2 റിസപ്റ്റര്‍ രക്തസമ്മര്‍ദവും രക്തക്കുഴലുകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതില്‍ ശരീരത്തെ സഹായിക്കുന്നു. കൊറോണ വൈറസ് കോശങ്ങള്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ ആശ്രയിക്കുന്നതും ഇതേ റിസപ്റ്ററുകളെയാണ്. ACE2 റിസപ്റ്ററുകളുടെ എണ്ണം അമിതവണ്ണക്കാരിലും പ്രമേഹരോഗികളിലും സാധാരണയിലും കൂടുതലാകുന്നത് ഇവരുടെ ശരീരത്തിലെ വൈറസ് ലോഡ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് രോഗതീവ്രതയും വര്‍ധിപ്പിക്കും.
പ്രായമായവരിലും ഹൃദ്രോഗികളിലും കോവിഡ് തീവ്രത കൂടുന്നതിനു പിന്നിലും ഇത്തരത്തിലുള്ള വൈറസ് ബാക്ടീരിയല്‍ സംയുക്ത പ്രവര്‍ത്തനമാണോ എന്നും ശാസ്ത്രജ്ഞന്‍ പരിശോധിക്കുന്നുണ്ട്.
Post Your Comments