തിരുവനന്തപുരം: തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവന്‍റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്‍റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചും വിവരം കിട്ടി. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്.
കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത്.
ഇതോടെ ഉമാമന്ദിരത്തിന്‍റെ സ്വത്തുക്കളുടെ വില്‍പ്പനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും രജിസ്ട്രേഷന്‍ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നല്‍കി.അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രന്‍ നല്‍കിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ അസി.കമ്മീഷണര്‍ സുല്‍ഫിക്കറിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ചു. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം അയല്‍വാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെതെന്ന കാര്യവും സംശയം ഉണര്‍ത്തുന്നു.
read also: പശ്ചിമ ബംഗാളിലും ത്രിപുരയിലും ഞങ്ങളെ ഇറക്കിയപോലെ ഇവിടെ ശ്രമിച്ചാൽ നടക്കില്ല : കോടിയേരി ബാലകൃഷ്ണൻ
മാത്രമല്ല ജയമാധവന്‍റെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പിട്ട സാക്ഷികളില്‍ ഒരാളായ അനില്‍, തന്‍റെ വീട്ടില്‍കൊണ്ടുവന്നാണ് രവീന്ദ്രന്‍ പേപ്പര്‍ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്ന ജയമാധവന്‍ മദ്യം വാങ്ങി നല്‍കിയിരുന്നുവെന്നതിന് രവീന്ദ്രന്‍ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.
ജയമാധവന്‍റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുന്‍ കളക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടെയുളളവര്‍ യോഗം ചേര്‍ന്ന് രേഖകളുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയതിന്‍റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
Post Your Comments