ന്യൂഡല്‍ഹി : രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ എല്‍ഇഡി ഉപകരണങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ കേന്ദ്ര തീരുമാനം. . ഇതുസംബന്ധിച്ച വിജ്ഞാപനം ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കി.
അതേസമയം വിജ്ഞാപനത്തില്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് പറഞ്ഞിട്ടില്ല. എന്നാല്‍ രാജ്യത്തേക്ക് ടെലിവിഷനുകള്‍ ഉള്‍പ്പെടെയുള്ള എല്‍ഇഡി ഉപകരണങ്ങള്‍ കൂടുതലും എത്തുന്നത് ചൈനയില്‍ നിന്നാണ്. പുതിയ തീരുമാനം ബാധിക്കുന്നതും അവരെയാകും.
വിജ്ഞാപന പ്രകാരം റാന്‍ഡം സാമ്പ്‌ളിങ്ങില്‍ കൂടിയാകും ഗുണനിലവാര പരിശോധന നടക്കുക. ഇറക്കുമതി ചെയ്യപ്പെടുന്നവയിവല്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഉത്പന്നം തിരഞ്ഞെടുത്ത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ചിട്ടുള്ള ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. രാജ്യത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നാകും പരിശോധിക്കുക.
ഏഴ് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയായിരിക്കണം. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തുന്ന ഉത്പന്നങ്ങള്‍ മാത്രമേ രാജ്യത്ത് വിപണിയിലെത്തിക്കാന്‍ അനുവാദം നല്‍കുകയുള്ളു. ഏത് സാമ്പിളാണോ പരിശോധനയില്‍ പരാജയപ്പെടുന്നത് അതിന്റെ മുഴുവന്‍ എണ്ണവും തിരിച്ചയയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യും. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ഇറക്കുമതി പരമാവധി നിരുത്സാഹപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍.
Post Your Comments