കൊച്ചി ∙ സ്വർണക്കടത്തു കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ആരായും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.
എൻഐഎയും കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മുൻപു നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.
ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നൽകിയ മൊഴികൾ ശരിയല്ലെന്നാണു പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ അന്വേഷണസംഘത്തിന്റെ നിഗമനം.
സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്ക് എന്നിവയിൽ നിന്ന് 2000 ജിബി ഡേറ്റ (ഏകദേശം 2780 സിഡികളിൽ കൊള്ളുന്ന വിവരം )വീണ്ടെടുത്തു. മറ്റു ചില പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികൾ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു.
Post Your Comments