KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതി ജാമ്യം അനുവദിച്ചു . കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്തിൽ പ്രധാന ആസൂത്രകനാണെന്ന് എൻഐഎ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. റമീസിന്‍റെ ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ല.

രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നിങ്ങനെ കർശന ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിക്കുന്നത്.

ഈ ഘട്ടത്തിൽ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ല എന്ന് തന്നെയാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. ചോദിക്കേണ്ടതെല്ലാം റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനാൽത്തന്നെ കേസിൽ ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർത്തില്ല. കസ്റ്റംസ് കേസിൽ മാത്രമാണ് റമീസിന് ജാമ്യം ലഭിച്ചിട്ടുള്ളത്. എൻഐഎ റജിസ്റ്റർ ചെയ്ത കേസിലും റമീസ് പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ഇതാദ്യമാണ്.

Read Also: സ്വര്‍ണക്കടത്ത് കേസ്;പ്രതികളുടെ വിദേശ യാത്രകളിലും ലൈഫ് മിഷനിലും എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരം ലഭിച്ചു!

വയറുവേദന അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് കെ ടി റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെട്ട സ്വപ്ന സുരേഷിനെയും തൃശ്ശൂർ മെഡിക്കൽ കോളേജിലാക്കി. ഇവരുടെ അസുഖമെന്തെന്ന് സംബന്ധിച്ച്, റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പ് മേധാവി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. മൂത്രാശയ രോഗങ്ങളും, ഉദരസംബന്ധമായ അസുഖങ്ങളുമാണ് റമീസിന് ഉള്ളതെന്നാണ് മെഡ‍ിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. രണ്ട് ആഴ്ച കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button