തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തിന്റെ പേരില്‍ സമരാഭാസമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികളും ഉണ്ടെന്നത് നിസാരകാര്യമല്ല. നാട്ടില്‍ മുഴുവന്‍ കോവിഡ് പരത്താനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നതിനെ സമരമെന്നല്ല യഥാര്‍ഥത്തില്‍ വിളിക്കേണ്ടത്. സമരത്തിന്റെ പേരില്‍ സമരാഭാസമാണ് നടക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നേണ്ട സമയത്ത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദയനീയമായ അവസ്ഥയാണ്. ജനാധിപത്യ സമൂഹത്തില്‍ പ്രക്ഷോഭം ഒഴിവാക്കാനാവില്ല. എന്നാല്‍ കൊവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള നീക്കം തടയേണ്ടത് സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്തമാണ്.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പന്താടേണ്ടതല്ല സാധാരണക്കാരന്‍റെ ജീവിതം. അതില്‍ ജനപ്രതിനിധികള്‍ കൂടിയുണ്ടാവുന്നത് നല്ലതല്ല. ഇത് വെച്ച് പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊലീസിന് നേരെ ചീറിയടുക്കുന്ന ആളുകള്‍ നാടിന്‍റെ സുരക്ഷയും സമാധാനവും നശിപ്പിക്കുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് സമരം ഹൈക്കോടതി വിലക്കിയത്. മാസ്‍ക് ധരിക്കാതെ അകലം പാലിക്കാതെ പൊതുസ്ഥലത്ത് ഇടപഴകാന്‍ ആര്‍ക്കും അധികാരമില്ല.
ഇന്നത്തെ അവസ്ഥയില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കാതിരിക്കാനുള്ള സംഭാവന ആരും ചെയ്യാതിരിക്കുകയാണ് വേണ്ടത്. എന്നാല്‍, രോഗവ്യാപനം വര്‍ധിപ്പിക്കാുനുള്ള രാഷ്ട്രീയ ഇടപെടല്‍ വലിയതോതില്‍ ഉണ്ടാകുന്നു. രോഗം പടര്‍ത്താനുള്ള വഴികള്‍ തുറക്കാന്‍ നേരിട്ടുള്ള ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ പരിധികളും വിട്ടുള്ള നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്.
സമരങ്ങള്‍ പരിധി വിടുമ്ബോള്‍ സര്‍ക്കാര്‍ ഇടപെടും. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളല്ല നിലവില്‍ സംസ്ഥാനത്തുള്ളത്. എന്നാല്‍ സമരങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Post Your Comments