തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ സംസാരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനോടാണെന്ന് സൂചന. ഇവര്‍ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും സൂചനകളുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡിലെ നഴ്‌സിനെ കബളിപ്പിച്ചാണ് സ്വപ്ന അവരുടെ ഫോണില്‍നിന്നു തിരുവനന്തപുരത്തേക്ക് വിളിച്ചത്.
ചികിത്സയ്ക്ക് പൈസ വേണമെന്ന് വീട്ടുകാരെ വിളിച്ചറിയിക്കാന്‍ ഫോണൊന്നു തരണമെന്ന് അപേക്ഷിച്ചാണ് സ്വപ്ന നഴ്‌സിന്റെ ഫോണ്‍ വാങ്ങി വിളിച്ചതെന്നാണ് വിവരം. സ്വപ്നയെ പാര്‍പ്പിച്ചിരുന്ന സെല്ലിന് പുറത്ത് പോലിസും എന്‍ഐഎ പ്രതിനിധിയുമൊക്കെ കാവല്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ വിളിയെന്നത് ഗുരുതര സുരക്ഷ പാളിച്ചയാണ്.
അതേസമയം പ്രതിപക്ഷ കക്ഷികൾ സ്വപ്നയുടെ നെഞ്ചുവേദനയിൽ സംശയം പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിൽ സ്വപ്ന സുരേഷിനെ നാളെ ആന്‍ജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടോ എന്നറിയാനാണ് പരിശോധന. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
മറ്റൊരു പ്രതി കെ.ടി.റമീസിനും ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് വിവരം. റമീസിന് എന്‍ഡോസ്‌കോപ്പി നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളുടെ അസുഖത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Post Your Comments